ഭീകരത വളര്‍ത്തിയ ഘടകങ്ങള്‍
ആശയതലത്തില്‍ നിന്നു പ്രായോഗികതലത്തിലേക്കെത്തുന്നതിനനുസരിച്ച് ഐ.എസ് കൂടുതല്‍ കാര്‍ക്കശ്യക്കാരും അപകടകാരികളുമായി മാറുന്നതായി കാണാം. 2011നു ശേഷം ഇറാഖിലും സിറിയയിലും അഭൂതപൂര്‍വമായ ശക്തിയും സ്വാധീനവും കൈവന്നതോടെ 'ഭീതി പരത്തല്‍' എന്ന തലത്തില്‍നിന്നു 'കലാപങ്ങള്‍ അഴിച്ചുവിടല്‍' എന്ന തലത്തിലേക്ക് ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരുന്നതു കാണാം. ഇതോടെ അവരുടെ അണ്ടര്‍ഗ്രൗണ്ടുകള്‍ സൈനികസങ്കേതങ്ങളായി പരിണമിച്ചു.'അടിച്ച് ഓടുക' എന്ന യുദ്ധതന്ത്രത്തില്‍നിന്നു കാംപയിനുകള്‍ നടത്തി പുതിയ ഭൂപ്രദേശങ്ങള്‍ കീഴടക്കുക എന്ന രീതിയിലേക്ക് അവര്‍ മാറി. പ്രവര്‍ത്തനരീതിയില്‍ വന്ന പുതിയ മാറ്റങ്ങള്‍ വിവിധതരം കഴിവും പ്രാപ്തിയുമുള്ള ധാരാളം ആളുകളെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്യുന്നതിലേക്ക് അവരെ കൊണ്ടെത്തിച്ചു. ഇറാഖില്‍ സദ്ദാമിന്റെ ബഅസ് പാര്‍ട്ടിയില്‍ പ്രമുഖ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന പലരും ഇതോടെ ഐ.എസിന്റെ പ്രവര്‍ത്തകരായി എത്തി. ഭരണതലത്തില്‍ ഇത്തരം പല മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും സിവിലിയന്മാരോടുള്ള പെരുമാറ്റത്തില്‍ മൃദുലത കൈക്കൊള്ളാന്‍ അവര്‍ തയാറായില്ല. ഐ.എസിന്റെ ആദര്‍ശമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം വ്യക്തികളേക്കാള്‍ വലുത്. ബഹുസ്വരതയെയും മാനവികതയെയും ഉള്‍ക്കൊള്ളാത്ത ഭീകരക്കൂട്ടായ്മയായി ഐ.എസ് വളര്‍ന്നുതുടങ്ങുന്നത് ഇങ്ങനെയാണ്.
ബഅസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍ക്കു കുറച്ചൊക്കെ മതേതര കാഴ്ചപ്പാടും വിശാല മനസ്സും ഉണ്ടായിരുന്നുവെങ്കിലും, യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത ഒരുതരം കുടുസ്സായ സമീപനരീതിയാണ് ഐ.എസ് പ്രചരിപ്പിച്ചിരുന്നത്. തങ്ങള്‍ ചെയ്യുന്ന ഏതു കാടത്തരങ്ങള്‍ക്കും മതത്തില്‍ നിന്നു തെളിവു കണ്ടെത്താനും അവര്‍ മറന്നില്ല. നിരപരാധികള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങളും അരുംകൊലയും അവരുടെ വീക്ഷണത്തില്‍ അനുവദനീയമാകുന്നത് അങ്ങനെയാണ്. പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു തങ്ങളുടെ പേക്കൂത്തുകള്‍ക്ക് അവര്‍ തെളിവു സൃഷ്ടിക്കുകയായിരുന്നു. തീവ്രസലഫി ധാരയില്‍ പെട്ടവരായിരുന്നതുകൊണ്ടുതന്നെ ഇത്തരം കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കുന്നതില്‍ അവര്‍ക്ക് യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടായതുമില്ല. തങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം സത്യനിഷേധികള്‍ (കാഫിര്‍) ആയിക്കണ്ട് അവരെ വകവരുത്താം എന്ന തീവ്രസലഫിസ്റ്റ് ജിഹാദി ഗ്രൂപ്പിന്റെ വീക്ഷണവെളിച്ചത്തിലാണ് അവര്‍ ഇസ്‌ലാമിനെ ഉള്‍ക്കൊണ്ടിരുന്നത് എന്നതിനാല്‍ ഇത്തരം ക്രൂരതകള്‍ ചെയ്യുന്നതില്‍ അവരെ സംബന്ധിച്ചിടത്തോളം യാതൊരു ഖേദമോ വിഷമമോ ഉണ്ടായിരുന്നില്ല. മറിച്ച്, അവരുടെ കാഴ്ചപ്പാടില്‍ തങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'കാടന്‍ മത'ത്തിന്റെ സിദ്ധാന്തങ്ങളായിരുന്നു ഇതെല്ലാം. തങ്ങളെയോ തങ്ങളുടെ ആശയങ്ങളെയോ എതിര്‍ക്കുന്നവരെയെല്ലാം മുര്‍തദ്ദോ(മതഭ്രഷ്ടര്‍) കാഫിറുകളോ (സത്യനിഷേധികള്‍) ആയി മനസ്സിലാക്കി വധിച്ചുകളയാം എന്നതായിരുന്നു തീവ്രസലഫിസത്തിന്റെ വിശ്വാസം. ഐ.എസ് ചോരക്കളിയില്‍ അസാധാരണമാംവിധം മുന്നോട്ടുപോകാന്‍ ഈയൊരു പ്രത്യയശാസ്ത്രം വലിയൊരളവോളം സഹായകമായിട്ടുണ്ട്.
തുടക്കത്തില്‍തന്നെ ഐ.എസ് രൂക്ഷമായി വിമര്‍ശിക്കപ്പെടാനും എതിര്‍ക്കപ്പെടാനും ഈ സലഫി തക്ഫീര്‍ സിദ്ധാന്തം വഴിവച്ചു. അല്‍ ഖാഇദ നേതാക്കളില്‍നിന്നുപോലും അന്നു തീവ്രത കൂടിപ്പോയി എന്ന വിധത്തില്‍ ഐ.എസിന് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി കാണാം. വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്ന, മനുഷ്യത്വമില്ലാത്ത, ഒരു തീവ്രകൂട്ടായ്മ എന്ന നിലയ്ക്ക് സംഘടനയിലേക്കുള്ള ആളൊഴുക്ക് നിലയ്ക്കാന്‍ ഇതു വലിയൊരു കാരണമായിരുന്നുവെങ്കിലും ഇതിനെയും കവച്ചുവയ്ക്കുന്ന ചില ഘടകങ്ങള്‍ മുന്നില്‍ സജീവമായി പ്രവര്‍ത്തനമാരംഭിച്ചിരുന്നതിനാല്‍ ഐ.എസില്‍ അംഗബലം കൂടിവരുന്നതാണു പിന്നീട് നാം കണ്ടത്. പ്രതിനിധീകരിക്കുന്നത് കാടന്‍ സിദ്ധാന്തങ്ങളെയും വിഘടന ആശയങ്ങളെയുമായിരുന്നിട്ടും ഐ.എസിന് അതിജീവിക്കാനും വളര്‍ന്നു പന്തലിക്കാനും നിമിത്തമായ ആ സുപ്രധാന ഘടകങ്ങളെ നമുക്കിങ്ങനെ സംഗ്രഹിക്കാം:
1. മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ കാലങ്ങളായി മൂര്‍ധന്യത പ്രാപിച്ചുനില്‍ക്കുന്ന കൊടിയ വിഭാഗീയത. രാഷ്ട്രീയമായും വിശ്വാസപരമായും മറ്റു പലവഴികളിലും ഇത് അവിടെ പടര്‍ന്നുപിടിച്ചതിനാല്‍ ഒരു കാര്യത്തിലും ഐക്യപ്പെടാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. ഇത് ഒറ്റപ്പെട്ട ക്ഷുദ്ര ശക്തികള്‍ക്ക് എളുപ്പത്തില്‍ വളര്‍ന്നുവികസിക്കാന്‍ വഴിയൊരുക്കി. 1979ലെ ഇറാന്‍ വിപ്ലവം മുതല്‍ ഇത് മിഡില്‍ ഈസ്റ്റില്‍ സജീവമായി നില്‍ക്കുന്നതു കാണാം. 2003ല്‍ നടന്ന അമേരിക്കയുടെ ഇറാഖ് ആക്രമണത്തെ പോലും പലരും സപ്പോര്‍ട്ട് ചെയ്യാന്‍ മുന്നോട്ടുവന്നത് ഇതു കാരണമാണ്. വലിയ ഭീഷണികളെ അപ്പുറത്ത് കാണുമ്പോള്‍ ചെറിയ ഭീഷണികളെ കണ്ടില്ലെന്ന് നടിക്കുന്ന ചിലരുടെ നയം ഐ.എസ് പോലെയുള്ള തീവ്രകൂട്ടായ്മകളുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കി.
2. ഭരണത്തിലും ഭരണകര്‍ത്താക്കളിലുമുള്ള മതിപ്പില്ലായ്മ. അറബ് ലോകത്ത് വ്യാപമായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണിത്. നാട്ടിലെ ഭരണ സംവിധാനങ്ങളില്‍ തൃപ്തിയില്ലാതെ വരുമ്പോള്‍ ആളുകള്‍ സ്വദേശം വെടിഞ്ഞ് മറ്റു പ്രദേശങ്ങളിലേക്കു പലായനം നടത്തുകയോ അല്ലെങ്കില്‍ മനസ്സിന് പൊരുത്തവും സംതൃപ്തിയും നല്‍കുന്ന ഭരണവിരുദ്ധ ചെറുസംഘങ്ങളുമായി സൗഹൃദം കൂടുകയോ ചെയ്യുന്നു. ഇത് ഐ.എസ് പോലെയുള്ള കൂട്ടായ്മകളില്‍ അംഗബലം കൂടാന്‍ കാരണമായി.
3. ഐ.എസിനെ എതിര്‍ക്കാന്‍ അറുപതോളം രാഷ്ട്രങ്ങളുടെ സഹകരണത്തോടെ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അന്തര്‍ദേശീയ ഭീകരതാവിരുദ്ധ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം സംഘടിതനീക്കങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകളുടെ മനസ്സില്‍ 'ഇത് തങ്ങളുടെ മതത്തിനും സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമാണോ' എന്ന ചിന്ത ജനിപ്പിച്ചേക്കും. ഇത് അതിനെ പ്രതിരോധിക്കുന്ന പുതിയ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനോ, ഉള്ള ഗ്രൂപ്പുകളില്‍ അംഗമായി പ്രവര്‍ത്തിക്കാനോ ആളുകള്‍ക്കു പ്രചോദനം നല്‍കി.
4. ഐ.എസ് വിരുദ്ധ കാംപയിനുകളും പ്രചാരണങ്ങളും ചില ഭാഗങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു; അതിന്റെ യഥാര്‍ഥ അനുയായികളിലേക്ക് അത് എത്തുന്നില്ല. അതേസമയം, ഐ.എസ് ഭക്തര്‍ തങ്ങളുടെ സര്‍വസമയവും പരിശ്രമവും ഉപയോഗപ്പെടുത്തി സംഘടനയുടെ പോസിറ്റീവ് തലങ്ങളെ സര്‍വമാധ്യമങ്ങളുടെയും സഹായത്തോടെ ലോകമെമ്പാടും പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ഐ.എസിനെ അനുകൂലിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും കരുത്തും നല്‍കി. ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള പ്രത്യേകം പരിശീലനം തുടക്കത്തില്‍തന്നെ നല്‍കുന്നതിനാല്‍ അതില്‍ പെട്ടുപോകുന്നവര്‍ പിന്നെ മടക്കത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല. പകരം, എതിര്‍പ്പുകള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ശ്രമിക്കുന്നത്.
5. ഐ.എസ് വിരുദ്ധ കാംപയിനുകള്‍ നടത്തി ആളുകളെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നല്ലാതെ, ആത്മീയതയും സംതൃപ്തിയും നല്‍കുന്ന ശരിയായ വിശ്വാസമാര്‍ഗം പലപ്പോഴും പരിചയപ്പെടുത്തപ്പെടുന്നില്ല. ഇതു തീവ്രസംഘടനയില്‍ പെട്ടുപോയവരെയും ചേരാന്‍ തീരുമാനിച്ചവരെയും മാറിച്ചിന്തിക്കുന്നതില്‍നിന്നു തടയുന്നു.
6. സിറിയയിലെയും ഇറാഖിലെയും വിഭാഗീയതയിലധിഷ്ഠിതമായ രാഷ്ട്രീയ അരക്ഷിതാവസ്ഥക്കെതിരേ അന്തര്‍ദേശീയ തലത്തില്‍നിന്നു ശക്തമായ എതിര്‍പ്പുകളുണ്ടാകുന്നുണ്ടെങ്കിലും ഇതിനെതിരേ കാര്യമായ ശ്രമങ്ങളൊന്നും ഉയര്‍ന്നുവരുന്നില്ല. ഇത് ഐ.എസ് പോലെയുള്ള ക്രിയാത്മക കൂട്ടായ്മകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.
7. മധ്യപൗരസ്ത്യ നാടുകളിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും പ്രകടമായി കാണപ്പെട്ടുകൊണ്ടിരിക്കുന്ന മത സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ മരവിപ്പ് ക്രിയാത്മകമായ നല്ലൊരു ഭാവിയെ സ്വപ്നം കാണാനുള്ള കരുത്ത് ജനങ്ങളില്‍നിന്നും എടുത്തുകളയുന്നു. അതുകൊണ്ടുതന്നെ, പഴയ ജാഹിലിയ്യത്തിനെ പുനരവതരിപ്പിക്കുക എന്നതിലപ്പുറം അവര്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. ഐ.എസ് എന്ന ഭീകര കൂട്ടായ്മയുടെ വര്‍ത്താമാനാവസ്ഥയിലേക്കു ചേര്‍ത്തുനോക്കുമ്പോള്‍ ഇത്രയും കാര്യങ്ങളാണു പ്രതികൂല ലോക സാഹചര്യങ്ങള്‍ക്കിടയിലും അതിനു വളര്‍ച്ചയും പിന്‍ബലവും നല്‍കിയതെന്നു കാണാന്‍ കഴിയും. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന കാലമത്രയും അത്തരം കൂട്ടായ്മകള്‍ ജനിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."