തൂങ്ങംപുറം അങ്ങാടിക്ക് സമീപം പുതിയ വ്യവസായത്തിന് നീക്കം പ്രതിഷേധവുമായി നാട്ടുകാര്‍
മുക്കം: മുക്കം നഗരസഭയിലെ മുത്താലം അമ്പലക്കണ്ടി റോഡരികില്‍ തൂങ്ങുംപുറം അങ്ങാടിക്ക് സമീപം പുതിയ വ്യവസായം തുടങ്ങാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കല്‍ സ്വദേശികള്‍ തുടങ്ങാനുദേശിക്കുന്ന ഇരുമ്പ്, സ്റ്റീല്‍ വ്യവസായത്തിനെതിരേയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്.
നാട്ടുകാര്‍ക്ക് വലിയ ദുരിതമാവുന്ന ഈ വ്യവസായം യാതൊരു നിലക്കും അനുവദിക്കരുതെന്നും നാട്ടുകാരുടെ വ്യാജ ഒപ്പുകള്‍ ശേഖരിച്ച് നഗരസഭയെ തെറ്റിദ്ധരിപ്പിച്ച് അനുവാദം വാങ്ങാനുള്ള നീക്കം വ്യവസായികള്‍ നടത്തുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രദേശവാസികള്‍ പലരും അസ്തമ ഉള്‍പ്പെടെയുള്ള രോഗം ബാധിച്ചവരാണെന്നും ഇവിടെ വ്യവസായം ആരംഭിച്ചാല്‍ പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുമെന്നും ശ്വാസകോശ രോഗങ്ങള്‍ പടരുമെന്നും അവര്‍ പറഞ്ഞു. കമ്പനിയുടെ പേരോ സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ അറിവോ ലഭിക്കാത്ത സാഹചര്യത്തില്‍ ഇതില്‍ ദുരൂഹതയുണ്ടെന്നും നഗരസഭ അനുമതി നല്‍കരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ശബ്ദമലിനീകരണം ഏറെ പ്രയാസമുണ്ടാക്കുമെന്നും നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു.
ഈ ആവശ്യവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ഒപ്പിട്ട പരാതിയും നഗരസഭാധികൃതര്‍ക്ക് നല്‍കിയതായും പ്രതിഷേധങ്ങള്‍ വകവെക്കാതെ വ്യവസായികള്‍ക്ക് നഗരസഭ ഒത്താശ ചെയ്തു കൊടുത്താല്‍ അതിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."