ഇന്ധന വില കൂട്ടിയപ്പോള്‍ ജനം തെരുവിലിറങ്ങി: ഹെയ്തി പ്രധാനമന്ത്രി രാജിവച്ചു
പോര്‍ട്ടോ പ്രിന്‍സ്: ഇന്ധന വില കൂടിയതില്‍ ജനരോഷം ശക്തമായതോടെ ഹെയ്തി പ്രധാനമന്ത്രി ജാക്ക് ഗുയ് ലാഫോറ്റന്റ് രാജിവച്ചു. രാജ്യത്തു നടക്കുന്ന പ്രതിഷേധം അക്രമസംഭവങ്ങളിലേക്കു നീങ്ങിയതോടെയാണ് അദ്ദേഹം രാജിവച്ചത്.
ഇന്ധനവിലയുടെ സബ്‌സിഡി ഒഴിവാക്കാന്‍ തീരുമാനിച്ചതോടെയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇതുകാരണം ഗ്യാസിന് 38 ശതമാനവും ഡീസലിന് 47 ശതമാനവും മണ്ണെണ്ണയ്ക്ക് 51 ശതമാനവും വില വര്‍ധിച്ചു.
ഇതോടെ രാജ്യതലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സില്‍ ലക്ഷങ്ങള്‍ തടിച്ചുകൂടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ബാരിക്കേഡുകളും കല്ലുകളും റോഡില്‍ കൂട്ടുകയും ടയറുകള്‍ക്ക് തീയിടുകയും ചെയ്തു.
മൂന്നു ദിവസമായി നടക്കുന്ന പ്രതിഷേധത്തിനിടെ ഏഴു പേര്‍ കൊല്ലപ്പെടുകയും നിരവധി കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു.
2017 ഫെബ്രുവരിയിലാണ് ജാക്ക് പ്രധാനമന്ത്രിയായത്. തീരുമാനം കടുത്ത പ്രതിഷേധത്തിലെത്തിയതോടെ പിന്‍വലിക്കുന്നുവെന്നു പ്രഖ്യാപിച്ചെങ്കിലും രാജി ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി. ഇതോടെ രാജിവച്ച് ഒഴിയുകയായിരുന്നു.
ജാക്ക് രാജിവച്ചതോടെ ഹെയ്തില്‍ ഭരണസ്തംഭനമാണിപ്പോള്‍. അടുത്ത പ്രധാനമന്ത്രി ആരാവണമെന്ന് പ്രസിഡന്റ് ജോവനല്‍ മോയിസും പാര്‍ലമെന്റ് മേധാവികളും തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."