തമിഴ്നാട്ടില്‍ ലീഗിന്റെ വോട്ട് വേണോയെന്ന് സി.പി.എം വ്യക്തമാക്കണം: കെ.പി.എ മജീദ്
കൊല്ലം: മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് സി.പി.എം നേതാക്കള്‍ ആക്ഷേപിക്കുന്നതില്‍ കഴമ്പില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച 'ജനവിധി 2019'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. രാമചന്ദ്രന്‍പിള്ളയുടെ അഭിപ്രായമാണ് കോടിയേരിക്കും എളമരം കരീമിനുമെന്ന് കരുതുന്നില്ല. മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണ് എന്നുപറയുന്ന സി.പി.എം നേതാക്കള്‍ തമിഴ്നാട്ടില്‍ ലീഗിന്റെ വോട്ട് വേണോ വേണ്ടയോ എന്ന് വ്യക്തമാക്കണം.
മുസ്ലിംലീഗിന് ദേശീയതലത്തില്‍ ഒറ്റ നിലപാട് മാത്രമേയുള്ളൂ. തമിഴ്നാട്ടില്‍ ദശകങ്ങളായി മുസ്ലിംലീഗ് ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണിയിലാണ്. ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനൊപ്പം മുസ്ലിംലീഗിന്റെ ദേശീയ അധ്യക്ഷന്റെയും ചിത്രം വച്ചാണ് തമിഴ്നാട്ടിലെ സി.പി.എം സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിക്കുന്നത്. ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെങ്കില്‍ അതിര്‍ത്തി കടക്കുമ്പോള്‍ അത് മാറുമോയെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രം മറന്ന് സി.പി.എം നേതാക്കള്‍ സംസാരിക്കരുത്. ലീഗിനൊപ്പം ഭരണം പങ്കിട്ട ചരിത്രവും സി.പി.എം നേതാക്കള്‍ വിസ്മരിക്കരുത്. മുന്നണി ബന്ധങ്ങളിലാത്ത മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരേ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ മുസ്ലിംലീഗ് പിന്തുണക്കും. മുസ്ലിംലീഗിനെയും പതാകയെയും കുറിച്ച് ബി.ജെ.പിക്ക് നന്നായി അറിയാം. പക്ഷെ ബി.ജെ.പി കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ പ്രചാരണത്തിന് പറയുന്നതാണ് ഇപ്പോഴും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."