ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു വിട്ടയച്ചു, ഇനി ചോദ്യം ചെയ്യല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ രണ്ടാം ദിവസവും ചോദ്യംചെയ്തശേഷം എന്‍.ഐ.എ വിട്ടയച്ചു. തുടര്‍ച്ചയായി പത്തരമണിക്കൂറാണ് ഇന്നും അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇന്നലെ ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്ത ശേഷം താല്‍ക്കാലികമായി വിട്ടയക്കുകയായിരുന്നു. എന്നാല്‍ ഇനിയും ചോദ്യം ചെയ്യുമെന്നും അത് സി.സി.ടി.വി പരിശോധിച്ചശേഷം മാത്രമായിരിക്കുമെന്നുമാണറിയുന്നത്. എന്നാല്‍ വീണ്ടും ചോദ്യം ചെയ്യുന്നതിന് എന്‍.ഐ.എ നോട്ടിസ് നല്‍കിയിട്ടില്ല.
കൊച്ചി പനമ്പള്ളി നഗറില്‍ എന്‍.ഐ.എ ഓഫിസിന് സമീപമുള്ള ഹോട്ടലില്‍ തങ്ങിയ ശിവശങ്കര്‍ ഇന്നു രാവിലെ 10 മണിയോടെയാണ് ഹാജരായത്. ഇന്നു ചോദ്യം ചെയ്യലിനുശേഷം ശിവശങ്കര്‍ തിരുവനന്തപുരത്തേക്കു മടങ്ങി.
സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുമതല വഹിച്ചിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇത്ര നീണ്ട ചോദ്യംചെയ്യലിന് വിധേയനാകുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളടങ്ങിയ അമ്പതിലധികം ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ചോദ്യാവലി തയാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍.എന്നാല്‍ നേരത്തെ കസ്റ്റംസിനും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എന്‍.ഐ.എ സംഘത്തിനും നല്‍കിയ മൊഴിയില്‍ അദ്ദേഹം ഉറച്ചുനിന്നതായാണ് സൂചന.
സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും സ്വപ്നയുമായി നടത്തിയ ഫോണ്‍ വിളികള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയതല്ലെന്നുമുള്ള മൊഴിയില്‍ ശിവശങ്കര്‍ ഉറച്ചുനിന്നു. ഇന്നു രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടുമണിവരെ നീണ്ടു.
എന്‍.ഐ.എ ദക്ഷിണേന്ത്യ മേധാവി കെ.ബി വന്ദന ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ശിവശങ്കറിനെ കഴിഞ്ഞ വ്യാഴാഴ്ച എന്‍.ഐ.എ സംഘം തിരുവനന്തപുരത്തെ പൊലിസ് ക്ലബില്‍ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അന്ന് നല്‍കിയ മൊഴികളിലെ അവ്യക്തതകള്‍ സംബന്ധിച്ച് പ്രത്യേക ചോദ്യാവലി തയാറാക്കിയായിരുന്നു ഇന്നലെ ചോദ്യം ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ തിരുനന്തപുരത്തുനിന്ന് സ്വന്തം വാഹനത്തിലാണ് ശിവശങ്കര്‍ കൊച്ചിയിലെത്തിയത്. ഒമ്പതരയോടെ എന്‍.ഐ.എ ആസ്ഥാനത്ത് എത്തിയെങ്കിലും പത്തുമണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഇടയ്ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരും എത്തിയെങ്കിലും താമസിയാതെ അവര്‍ മടങ്ങി.
നയതന്ത്ര ചാനല്‍ ഉപയോഗിച്ച് യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലുള്ള ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുമായി ശിവശങ്കറിനുള്ള അടുപ്പം സംബന്ധിച്ച വിശദാംശങ്ങളാണ് എന്‍.ഐ.എ തേടുന്നത്. സ്വപ്നയും സരിത്തും ശിവശങ്കറിന്റെ ഓഫിസില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നുവെന്നും സുഹൃദ് ബന്ധത്തിനപ്പുറമുള്ള അടുപ്പം ഇവര്‍ തമ്മിലുണ്ടെന്നുമാണ് എന്‍.ഐ.എയ്ക്ക് ലഭിച്ച സൂചനകള്‍. ഇതു തെളിയിക്കുന്നതിന് ശിവശങ്കറിന്റെ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എ തേടിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."