കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലെ 12 നഴ്സുമാര്‍ക്ക് കൊവിഡ്,ആശുപത്രിയിലെ ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍, രോഗികള്‍ എന്നിവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം
കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ 12 നഴ്സുമാര്‍ക്ക് കൊവിഡ്. പ്രമുഖ ഹ്രദ്രോഗ ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ആശുപത്രിയിലെ അഞ്ചാം നിലയില്‍ ജോലി ചെയ്തിരുന്ന രണ്ടു നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതേതുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇന്നലെ പത്തു പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയത്. ഇതോടെ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍, രോഗികള്‍ എന്നിവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ ആശുപത്രിയിലെ ദിനംപ്രതി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ സന്നദ്ധമാണെന്നും ഇവര്‍ പറഞ്ഞു.
അതേസമയം ഇന്നലെ രാത്രി വൈകിയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന നടപടി പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാന ഹ്രദ്രോഗ ആശുപത്രി ആയതിനാല്‍ ജില്ലയില്‍ നിന്നും അടുത്ത പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി രോഗികള്‍ ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കൂടാതെ പ്രദേശത്തെ നിരവധി പേര് ആശുപത്രിയിലെ ജീവനക്കാരാണ്. ഇത് ഈ പ്രദേശങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."