ഇനിയീ ജന്മത്തിനെന്തൊരു തിളക്കം
ആയിരക്കണക്കിന് അനുയായികള്‍ക്കിടയില്‍ ദില്ലിയിലെ 22 ദര്‍വീശുമാര്‍ ഹസ്‌റത് നിസാമുദ്ദീന്‍ ഔലിയയുടെ പ്രിയശിഷ്യരായിരുന്നു, അമീര്‍ ഖുസ്രുവും അവരില്‍ ഉള്‍പ്പെടുന്നു. ഒരിക്കല്‍ ഔലിയ അവരെ പരീക്ഷിക്കാന്‍ തീരുമാനിച്ചതായി പറയപ്പെടുന്ന ഒരു കഥ ഈ ഖവാലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരുനാള്‍ അദ്ദേഹം തന്റെ 22 ശിഷ്യരോടൊപ്പം ദില്ലി നഗരവും പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങുകയായിരുന്നു. സന്ധ്യയായപ്പോള്‍ ശിഷ്യരോട് പ്രത്യേകിച്ചൊന്നും പറയാതെ അദ്ദേഹം ഒരു വേശ്യാലയത്തിലേക്ക് കയറിച്ചെന്നുവത്രെ. ഞെട്ടിപ്പോയ ശിഷ്യര്‍ ആശയക്കുഴപ്പത്തിലായി. മിക്കവാറും പേര്‍ക്ക് ഗുരുവിന്റെ ഈ പ്രവര്‍ത്തി ഒട്ടും ദഹിച്ചില്ല. എങ്കിലും അദ്ദേഹം ഇപ്പോള്‍ വരുമെന്ന് കരുതി അവരെല്ലാം അവിടെത്തന്നെ നിന്നു. അവിടത്തെ മുഖ്യവേശ്യയാവട്ടെ നിനച്ചിരിക്കാതെ വന്ന അതിഥിയെയും കൊണ്ട് ആദരപൂര്‍വം മുകള്‍നിലയിലെ ബാല്‍ക്കണിയിലേക്ക് ചെന്ന് അവിടെ സല്‍കരിച്ചിരുത്തി. എന്തു സമ്മാനമാണ് വേണ്ടത് എന്ന് ആ സ്ത്രീ അദ്ദേഹത്തോട് ചോദിച്ചു. മദ്യക്കുപ്പി പോലെ തോന്നിക്കുന്ന ഒരു പാത്രത്തില്‍ കുറച്ചു കുടിവെള്ളം കൊണ്ടുവരാന്‍ നിസാമുദ്ദീന്‍ ആവശ്യപ്പെട്ടു. അവര്‍ വളരെ പെട്ടെന്ന് അതെത്തിക്കുകയും നിസാമുദ്ദീന്‍ ബാല്‍ക്കണിയില്‍ ഇരുന്ന് താഴെയുള്ള ശിഷ്യര്‍ കാണെ അത് പാനം ചെയ്യുകയും ചെയ്തു. അതുകണ്ട കുറെ ശിഷ്യര്‍ പറഞ്ഞു: 'നോക്കൂ, ഈ മനുഷ്യനെ നമ്മള്‍ ഇത്രയും കാലം തെറ്റിദ്ധരിച്ചു. ഇയാള്‍ ഒരു ദിവ്യനൊന്നുമല്ല. ഒരു വേശ്യയോടൊപ്പമിരുന്ന് മദ്യം കഴിക്കുന്നത് കണ്ടില്ലേ, ഇനി നില്‍ക്കണ്ട, നമുക്ക് പോകാം.' കുറെ പേര്‍ അപ്പോള്‍ തന്നെ അവിടന്ന് പോയി. രാത്രി വീണ്ടും വൈകി. ശിഷ്യര്‍ ഓരോരുത്തരായി സ്ഥലം കാലിയാക്കികൊണ്ടിരുന്നു. രാത്രി മുഴുവനും പ്രാര്‍ഥനയിലും ദൈവസ്മരണയിലും മുഴുകിയിരിക്കുകയായിരുന്ന ഗുരു നേരം വെളുത്തപ്പോള്‍ തെരുവിലേക്ക് ഇറങ്ങി വന്നു, അവിടെ അമീര്‍ ഖുസ്രു മാത്രമാണപ്പോള്‍ ഉണ്ടായിരുന്നത്. 'എല്ലാവരും പോയല്ലേ', ഗുരു പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. ഖുസ്രു തലകുലുക്കി. 'നീയെന്തേ പോയില്ല?' അദ്ദേഹം അന്വേഷിച്ചു. 'ഉസ്താദ്, എനിക്കും വേണമെങ്കില്‍ പോകാമായിരുന്നു. പക്ഷെ എവിടെപ്പോയാലും അങ്ങയുടെ കാല്‍ക്കീഴിലേക്കല്ലാതെ മറ്റെങ്ങോട്ടാണെനിക്ക് പിന്നെയും വരാനുള്ളത്?' ഔലിയ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചു. 'നിന്റെ കാത്തിരിപ്പവസാനിച്ചിരിക്കുന്നു, നീയീ പരീക്ഷണത്തില്‍ ജയിച്ചു, നീയെന്നും ജയിക്കും', നിസാമുദ്ദീന്‍ ഔലിയ പറഞ്ഞു.
മൗലാനാ ജലാലുദ്ദീന്‍ റൂമിക്ക് ഷംസ് തബ്രീസ് എങ്ങനെയായിരുന്നോ അതിനു സമാനമായിരുന്നു അമീര്‍ ഖുസ്രുവിന് ഹസ്‌റത് നിസാമുദ്ദീന്‍ ഔലിയ എന്ന് പറയപ്പെടാറുണ്ട്. ഷംസിന്റെയും നിസാമുദ്ദീന്‍ ഔലിയയുടെയും വ്യക്തിത്വത്തിലുള്ള സാമ്യതകളെക്കാളും പ്രിയശിഷ്യരില്‍ അവര്‍ വരുത്തിയ പരിവര്‍ത്തനങ്ങളുടെ കാര്യത്തിലാണ് താരതമ്യം കൂടുതല്‍ സംഗതമാവുക. കൊട്ടാരം കവിയായിരുന്ന ഖുസ്രുവിനെ ആത്മീയജ്ഞാനത്തിലേക്കും അഭൗതികപ്രമേയങ്ങളിലേക്കും നിഗൂഢതത്വങ്ങളിലേക്കും വലിച്ചാകര്‍ഷിച്ചത് നിസാമുദ്ദീന്‍ ഔലിയ ആയിരുന്നുവല്ലോ. തന്റെ വന്ദ്യഗുരുവിനെ കണ്ടെത്തിയ അനുഭവം മാതാവിന് വിശദീകരിച്ചു കൊടുക്കുന്ന രീതിയിലാണ് 'ആജ് രംഗ് ഹേ' എന്ന അതിപ്രസിദ്ധമായ ഈ ഖവാലി രചിക്കപ്പെട്ടിട്ടുള്ളത്. രംഗ് എന്ന വാക്ക് നിറം എന്ന കേവലാര്‍ഥത്തിലല്ല ഇവിടെ ഉപയോഗിക്കുന്നത്. ആത്മീയപ്രഭയുടെ ഉത്സവസമാനമായ വെളിച്ചവും നിറപ്പകിട്ടുമാണ് ഉദ്ദേശ്യം. വെടിയേറ്റ് കൊല്ലപ്പെട്ട പാകിസ്താനി ഗായകന്‍ അംജദ് സബ്‌രി കോക്ക് സ്റ്റുഡിയോക്ക് വേണ്ടി റാഹത് ഫതേഹ് അലി ഖാനോടൊപ്പം ആലപിച്ച് ഈയിടെ ഏറെ ജനകീയമായ ഭാഷ്യമാണ് ഈ മൊഴിമാറ്റത്തിന് പ്രധാനമായും അവലംബം. വേറെയും ഭാഷ്യങ്ങള്‍ ലഭ്യമാണ്, അവയില്‍ നിന്നുള്ള വരികളും ഔചിത്യപൂര്‍വം ഉപയോഗിച്ചിട്ടുണ്ട്. ഹസ്‌റത് നിസാമുദ്ധീന്‍ ഔലിയയെ വര്‍ണിച്ച് പാടുമ്പോളും ദക്ഷിണേഷ്യയിലെ പ്രമുഖരായ മറ്റനവധി സൂഫിഗുരുക്കന്മാരെയും അതേ സ്‌നേഹത്തോടെ അനുസ്മരിക്കുന്നതിന്റെ ഭംഗിയും ഇവിടെ കാണാം.
ആജ് രംഗ് ഹേ
അമീര്‍ ഖുസ്‌റു
ചുമരിലെ ചെരാതുകളേ,
എനിക്ക് പറയാനുള്ളതൊന്നു കേള്‍ക്കൂ.
ഈ രാവില്‍
എന്റെ പ്രണയഭാജനം വീടണയുകയാണ്,
ഇന്നുറങ്ങാതെ വെളിച്ചം പരത്തണം നിങ്ങള്‍.
ഈ ദിവസത്തിനെന്തൊരു തിളക്കമാണ്
എന്റെ ഉമ്മാ
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്
എന്റെ ഖാജയുടെ വീട്ടിലെന്തൊരു തെളിച്ചമാണ്
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്
എന്റെ ഉമ്മാ
ഈ ദിവസത്തിനെന്തൊരു തിളക്കമാണ്
ഇന്നെന്റെ പ്രണയഭാജനം
എന്റെ വീട്ടിലെത്തിയിരിക്കുകയാണ്,
ഈ ദിവസത്തിനെന്തൊരു തിളക്കമാണ്.
എന്റെ പ്രണയിതാവെന്റെ വീട്ടില്‍
എന്റെ സ്‌നേഹിതനെന്റെ വീട്ടില്‍
ഈ ദിവസത്തിനെന്തൊരു തിളക്കമാണ്.
ഞാനെന്റെ പ്രിയഗുരു
നിസാമുദ്ദീനെ കണ്ടെത്തിയിരിക്കുന്നു,
നിസാമുദ്ദീന്‍ ഔലിയയാണെന്റെ വന്ദ്യഗുരു.
ഞാനെന്റെ പ്രിയഗുരു
അലാവുദ്ദീനെ കണ്ടെത്തിയിരിക്കുന്നു.
ഞാനെന്റെ പ്രിയഗുരു
നിസാമുദ്ദീനെ കണ്ടെത്തിയിരിക്കുന്നു.
എവിടൊക്കെ നോക്കിയാലും
അവനുണ്ട് കൂടെ, എന്റെയുമ്മാ..
നാട്ടിലും പുറംനാട്ടിലും
ഞാനലഞ്ഞുതേടിയതവനെയായിരുന്നു,
ഞാന്‍ നിന്നെത്തേടിയലയാത്ത നാടില്ല.
എന്റെ ഉള്ളിനെ വലിച്ചടുപ്പിച്ചത്
നിന്റെ വര്‍ണമല്ലോ നിസാമുദ്ദീന്‍.
എന്നെ തീര്‍ത്തും വശപ്പെടുത്തിയത്
നിന്റെ വെളിച്ചമല്ലോ നിസാമുദ്ദീന്‍.
മറ്റെല്ലാം മറന്നുപോയി ഞാനുമ്മാ
അത്രമേല്‍ തേജസാര്‍ന്നതൊന്നും
മുമ്പൊരിക്കലും കണ്ടതില്ലല്ലോ ഞാന്‍..
അവന്‍ ഈശന്റെ പ്രിയതോഴന്‍
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്
ലോകമെങ്ങും ഞാനലഞ്ഞത്
എല്ലാം തികഞ്ഞൊരു പ്രണയംതേടി.
ഒടുവിലീ മുഖമെന്റെ മനം നിറച്ചു
മുഴുലോകവുമപ്പോളെനിക്കായ് തുറന്നു
ഇതുപോലൊരു പ്രഭയും മുമ്പെങ്ങും കണ്ടില്ല ഞാന്‍.
പ്രിയതോഴാ,
നീയെന്നെ നിന്റെ ചായം മുക്കിയേക്കുക,
വസന്തത്തിന്റെ ചായം.
നിനക്കെന്തൊരു കാന്തിയാണ്,
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്.
ഖുസ്‌റു, വിവാഹരാത്രി
ഞാനുറങ്ങാതിരുന്നു പ്രിയതമയോടൊപ്പം.
എന്റെ ശരീരവും അവളുടെ മനവും
ഒരേചായത്തില്‍ മുങ്ങി.
അത്രമേല്‍ തേജസാര്‍ന്നതൊന്നും
മുമ്പൊരിക്കലും കണ്ടതില്ലല്ലോ ഞാന്‍..
അവന്‍ ഈശന്റെ പ്രിയതോഴന്‍
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്
ഞാന്‍ ഗോകുലത്ത് ചെന്നു,
മഥുരയിലലഞ്ഞു.
പൂര്‍വദേശങ്ങളിലും
പശ്ചിമദേശങ്ങളിലും സഞ്ചരിച്ചു.
തെക്കും വടക്കും എത്തിച്ചേര്‍ന്നു.
എവിടെയും നിന്നെപ്പോലൊരുജ്വലത കണ്ടില്ല
അത്രമേല്‍ തേജസാര്‍ന്നതൊന്നും
മുമ്പൊരിക്കലും കണ്ടതില്ലല്ലോ ഞാന്‍..
അവന്‍ ഈശന്റെ പ്രിയതോഴന്‍
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്‍
ലോകം ചുറ്റിയലഞ്ഞു ഞാന്‍, അല്ലാഹുവേ
നിന്റെ അപാരസൗന്ദര്യത്തോടു
തുലനം ചെയ്യാനൊന്നും കണ്ടില്ല.
എണ്ണമറ്റ സുന്ദരിമാരെയും അതിഗംഭീരരേയും കണ്ടു
നിന്റെ ഭംഗിയോട് തട്ടിക്കാവുന്നതൊന്നു
മെങ്ങും കണ്ടില്ല, അല്ലാഹുവേ.
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്
അത്രമേല്‍ തേജസാര്‍ന്നതൊന്നും
മുമ്പൊരിക്കലും കണ്ടതില്ലല്ലോ ഞാന്‍..
അവന്‍ ഈശന്റെ പ്രിയതോഴന്‍.
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്
ഖാജാ നിസാമുദ്ദീന്‍ ലോകത്തെ വെളിച്ചമുറ്റതാക്കുന്നു
മുഴുലോകത്തെയും തെളിച്ചമുറ്റതാക്കുന്നു,
അലാവുദീന്‍ സാബിര്‍ ലോകത്തെ വെളിച്ചമുറ്റതാക്കുന്നു.
മേഘങ്ങള്‍ മാധുര്യം പൊഴിക്കുന്നു
ദില്ലിയിലെ ദര്‍വേശുകളുടെ ഭവനങ്ങളില്‍
അനുഗ്രഹീതകാരുണ്യത്തിന്റെ തിരയടിയൊന്നു നോക്ക്..
മേഘങ്ങള്‍ മാധുര്യം പൊഴിക്കുന്നു
ഖാജാ ഫരീദുദീന്‍ ഗഞ്ച് ശക്കര്‍,
ഖുതുബുദ്ദീന്‍ കാക്കി,
ഖാജാ മുയീനുദ്ദീന്‍ ചിഷ്തി,
ഖാജാ നസീറുദ്ദീന്‍ ചിരാഗ്,
ലോകത്തെ വെളിച്ചമുറ്റതാക്കുന്നു.
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്
ചിരാഗ് ദഹ്ലവിയുടെ പ്രിയതോഴന്‍
ഇന്നെന്റെ പ്രണയഭാജനമായിരിക്കുന്നു.
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്
നിസാമുദ്ദീന്‍ ഔലിയ
ലോകത്തെ വെളിച്ചമുറ്റതാക്കുന്നു.
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്
നിന്റെ രൂപത്തോട് സാമ്യപ്പെട്ടൊരാളുമില്ല
നിന്റെ ചിത്രവും പേറിയാണ് ഞാനെങ്ങും പോകുന്നത്.
നിസാമുദ്ദീന്‍ ഔലിയ
ലോകത്തെ വെളിച്ചമുറ്റതാക്കുന്നു.
ചോദിക്കുന്നതെന്തും അവന്‍ സാധിച്ചുതരുന്നു,
എന്റെ ഉമ്മാ
ഇന്നീ ദിവസത്തിനെന്തൊരു തിളക്കമാണ്.
ഈ ദിവസത്തിനെന്തൊരു തിളക്കമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."