ശബരിമല വിമാനത്താവളം കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രദേശം കാണാതെ
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ സാങ്കേതിക, സാമ്പത്തിക സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്‍സി കമ്പനി സ്ഥലം കാണാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നുള്ള തെളിവുകള്‍ പുറത്ത്. ശബരിമല വിമാനത്താവളത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ചേര്‍ന്ന പ്രത്യേക യോഗത്തിന്റെ മിനിട്ട്‌സാണ് ഇതിനു തെളിവ് നല്‍കുന്നത്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈയിലിരിക്കുന്ന ഭൂമിയില്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ലൂയിസ് ബര്‍ഗറിന് പ്രവേശിക്കാന്‍പോലും കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് സമഗ്രമല്ലെന്നും വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ദേശിക്കുന്ന പാരിസ്ഥിതിയാഘാത പഠനമോ മറ്റോ നടത്തിയിട്ടില്ലെന്നും ഇതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
2018 നവംബറില്‍ ആണ് വ്യവസായ വികസന കോര്‍പറേഷന് ലൂയിസ് ബര്‍ഗര്‍ റിപ്പോര്‍ട്ട് കൈമാറിയത്. അവര്‍ ഇത് ഡിസംബറില്‍ സര്‍ക്കാരിന് കൈമാറി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. നാല് കോടി രൂപ ലൂയിസ് ബര്‍ഗറിന് കണ്‍സള്‍ട്ടന്‍സി ഫീസായി സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. രണ്ടാംഘട്ട പഠനത്തിന് ഇപ്പോള്‍ അവരെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥലം കണ്ടെത്തുന്നതിനു മുന്‍പ് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചു എന്ന ആക്ഷേപം ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയിട്ടുണ്ട്. സ്ഥലം ഏതാണെന്നു നിശ്ചയിക്കാതെ എങ്ങനെ പദ്ധതി സാമ്പത്തിക വിജയമാകുമെന്ന് പഠനം നടത്തുമെന്നും അദ്ദേഹം ചോദിച്ചു. അഴിമതിക്കേസില്‍ പങ്കാളിയായ കമ്പനിയാണ് ലൂയിസ് ബര്‍ഗറെന്നും ലക്കും ലഗാനുമില്ലാതെ കണ്‍സള്‍ട്ടന്‍സി കമ്പനികളെ കൊണ്ടുവന്ന് സംസ്ഥാനത്ത് നിയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. റോഡ് നിര്‍മാണങ്ങള്‍ക്കുപോലും കണ്‍സള്‍ട്ടന്‍സികളെ നിയോഗിക്കുന്നെങ്കില്‍ പിന്നെന്തിനാണ് സര്‍ക്കാര്‍ വകുപ്പുകളെന്നും ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."