കാസര്‍കോട് ഫിഷിങ് ഹാര്‍ബറിലെ പുലിമുട്ടുകളുടെ നീളം കൂട്ടും
കാസര്‍കോട്: ഫിഷറിസ് ഹാര്‍ബറിലെ പുലിമുട്ടുകളിലെ നീളം കൂട്ടുവാനും മൗത്തിന്റെ വീതി വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. മത്സ്യതൊഴിലാളികള്‍ക്ക് ഹാര്‍ബറിലേക്കു തോണികളുമായി പ്രവേശിക്കുന്നതിനും തിരിച്ചുപോകുന്നതിനും പുലിമുട്ടുകള്‍ക്കിടയിലെ നിലവിലെ വീതി പര്യാപ്തമാണെന്ന് മോഡല്‍ സ്റ്റഡി നടത്തിയ പൂനെ സി.ഡബ്ല്യൂ.പി.ആര്‍.എസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ പുലിമുട്ടിന്റെ അഗ്രഭാഗത്തുള്ള സ്വാഭാവിക തിരയിളക്കം മത്സ്യതൊഴിലാളികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതു കണക്കിലെടുത്താണു പുലിമുട്ടുകളുടെ നീളം വര്‍ധിപ്പിക്കാനും മൗത്തിന്റെ വീതി കൂട്ടാനും നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നു മന്ത്രി പറഞ്ഞു. ഇതിനായുള്ള വിശദമായ പ്രൊജക്ട് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് തയാറാക്കിയിട്ടുണ്ട്. പുലിമുട്ടില്‍ വടക്കുഭാഗത്തുള്ള സ്വാഭാവിക ചാനല്‍ അടക്കുന്ന പ്രവൃത്തി നടന്നുവരികയാണെന്നും പുലിമുട്ടുകള്‍ക്കിടയിലുള്ള മണ്ണ് നീക്കം ചെയ്ത് ചാനലിന്റെ ആഴം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തിക്കു പ്രത്യേക ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വടക്കുഭാഗത്തെ ചാനല്‍ അടക്കുന്ന മുറക്കു ഹാര്‍ബര്‍ ഭാഗികമായി കമ്മിഷന്‍ ചെയ്യുമെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."