പ്ലാസ്റ്റിക് നിര്‍മാര്‍ജനം പാളി; അഞ്ചരക്കണ്ടി പഞ്ചായത്തില്‍
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിവരുന്ന സമ്പൂര്‍ണ പ്ലാസ്റ്റിക് നിര്‍മാര്‍ജന പരിപാടികള്‍ നിലച്ചു. പ്ലാസ്റ്റിക് റീസൈക്ലിങ്ങിനായി കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നത് മുടങ്ങിയതാണ് കാരണം. നേരത്തെകുടുംബശ്രീയും സന്നദ്ധസംഘടനകളും പ്ലാസ്റ്റിക് കവറുകളും മറ്റും വീടുകളില്‍ നിന്നു ശേഖരിച്ചു സംഭരണകേന്ദ്രമായ കുഴിമ്പാലോട്മെട്ടയിലെത്തിച്ചിരുന്നു. പ്ലാസ്റ്റിക് കവറുകളും മറ്റും കഴുകി വൃത്തിയാക്കിയാണ് വീടുകളില്‍ നിന്നു സംഭരിച്ചിരുന്നത്. ഇതുകൂടാതെ ചെറിയൊരു തുകയും ഇതിന്റെ ചെലവിലേക്കായി വാങ്ങിയിരുന്നു. കോഴിക്കോടു കൊണ്ടുപോയിരുന്ന കരാറുകാരന് പിന്‍വലിഞ്ഞതാണ് പദ്ധതിക്ക് തടസമായത്. ഇതുകാരണം വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുകയാണ്. സംഭരണകേന്ദ്രമായ കുഴിമ്പാലോട്മെട്ടയിലും മാലിന്യ പ്രശ്നമുണ്ട്. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന്റെ പ്രധാനഭാഗങ്ങളിലൊന്നായ ചക്കരക്കല്‍ മാര്‍ക്കറ്റില്‍ ഇപ്പോഴും പ്ലാസ്റ്റിക് സഞ്ചികളിലാണ് മത്സ്യം വിതരണം ചെയ്യുന്നത്. ഇതുകൂടാതെ സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും ഇതുതന്നെയാണ് അവസ്ഥ. ഇതിനു തടയിടാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കു കഴിയുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. അഞ്ചരക്കണ്ടിക്കു തൊട്ടടുത്ത ചെമ്പിലോട് ഗ്രാമപഞ്ചായത്താകട്ടെ ഈ മേഖലയില്‍ മുന്നേറ്റം നടത്തുകയാണ്. സ്വന്തമായി റീസൈക്ലിങ് യൂനിറ്റ് സ്ഥാപിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. മാലിന്യനിര്‍മാര്‍ജനം നിലച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."