ഹ്യൂഗോ ബൗമസ് മുംബൈ സിറ്റിയില്‍
മുബൈ: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ട് ഹ്യൂഗോ ബൗമസിന്റെ കൂടുമാറ്റം. മുന്‍ ഗോവന്‍ താരത്തെ നിലവില്‍ സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്.സിയാണ് ടീമില്‍ എത്തിച്ചിരിക്കുന്നത്. ബൗമസിനെ സ്വന്തമാക്കാനായി അദ്ദേഹത്തിന്റെ റിലീസ് ക്ലോസായ ഒന്നരക്കോടിയോളം രൂപയാണ് മുംബൈ സിറ്റി ഗോവയ്ക്ക് കൈമാറിയത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഒരു ക്ലബിന് ട്രാന്‍സ്ഫര്‍ തുകയായി ലഭിക്കുന്ന ഏറ്റവും വലിയ ഡീലാണിത്. നേരത്തെ ഒരു കോടിക്ക് ആയിരുന്നു പെട്രോ മാന്‍സിയെ ഐ ലീഗിലെ ചെന്നൈ സിറ്റിയില്‍ നിന്ന് ജപ്പാന്‍ ക്ലബായ ആല്‍ബിരക്‌സ് നിഗറ്റ സ്വന്തമാക്കിയത്. ആ ട്രാന്‍സ്ഫര്‍ തുകയാണ് ഇപ്പോള്‍ പഴങ്കഥയായത്. 1.6 കോടിയാകും ഈ ട്രാന്‍സ്ഫര്‍ വഴി ഗോവയ്ക്ക് ലഭിക്കുക. കഴിഞ്ഞ സീസണില്‍ എഫ്.സി ഗോവയുടെ പ്രധാന താരമായിരുന്നു ബൗമസ്. ഐ.എസ്.എല്ലിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായും ബൗമസ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണില്‍ 11 ഗോളുകളും 10 അസിസ്റ്റുമാണ് ബൗമസിന്റെ സമ്പാദ്യം. ഗോവയെ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കാ
നും അതിലൂടെ എ.എഫ്.സി ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കാനും ബൗമസിനായി. ഐ.എസ്.എല്ലില്‍ അവസാന മൂന്ന് സീസണായി 42 കളികളിലാണ് താരം ഗോവയ്ക്കായി ബൂട്ടണിഞ്ഞത്. ഇതില്‍ 16 ഗോളുകളും 17 അസിസ്റ്റും താരത്തിന്റെ കാലുകളില്‍ നിന്ന് പിറന്നു. നേരത്തെ ഫാളിനെയും മന്ദര്‍ റാവുവിനെയും അഹ്മദ് ജാഹുവിനെയും ഗോവയില്‍ നിന്ന് മുംബൈ സിറ്റി സ്വന്തമാക്കിയിരുന്നു.
ബൗമസിന്റെ ട്രാന്‍സ്ഫര്‍ ആദ്യം വിവാദമായിരുന്നു. ടീം വിടുമെന്ന് പ്രഖ്യാപിച്ച് താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ ഗോവ താരം ടീം വിട്ടിട്ടില്ലെന്നും കൃത്യമായ തുക തന്നാല്‍ ആര്‍ക്കും നല്‍കുമെന്നുമായിരുന്നു ഗോവയുടെ വാദം. ഇതിനെ തുടര്‍ന്നായിരുന്നു മുംബൈ സിറ്റി എഫ്.സി താരത്തിന് വേണ്ടി 1.6 കോടി രൂപ ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."