കര്‍ണാടകയില്‍ ടെക്കിയെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു: 32 പേര്‍ അറസ്റ്റില്‍
ബംഗളൂരു: വീണ്ടും ആള്‍ക്കൂട്ട ആക്രമണം. കര്‍ണാടകയില്‍ 32കാരനായ ടെക്കിയെ അടിച്ചുകൊന്നു. സുഹൃത്തായ ഖത്തര്‍ പൗരനുള്‍പ്പെടെ 4പേരെ മര്‍ദ്ദിച്ച് അവശനാക്കി. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരെന്ന് ആരോപിച്ചാണ് ക്രൂരമായ കൊലപാതകവും മര്‍ദ്ദനവുമുണ്ടായത്. കര്‍ണാടകത്തിലെ ബിദാറിലാണ് സംഭവം. സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനിയര്‍ മുഹമ്മദ് അസമാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് അസം ഖത്തര്‍ പൗരനടക്കമുള്ള നാല് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ വരവെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ നിര്‍ത്തുകയും ഖത്തറുകാരന്‍ അവിടെ കണ്ട
ഒരു കുട്ടിക്ക് ചോക്ലേറ്റ് കൊടുത്തതുമാണ്് പ്രശ്‌നമായതെന്ന് പൊലിസ് പറഞ്ഞു. ചോക്ലേറ്റ് നല്‍കി മയക്കി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ സോഷ്യല്‍ മീഡിയകളില്‍ പ്രചാരണമുണ്ടായിരുന്നു.തുടര്‍ന്ന് ജനം ടെക്കിയെയും സംഘത്തെയും തടയുകയായിരുന്നു. പിന്തുടര്‍ന്ന് പിടികൂടി ജനങ്ങളും കാറിലുണ്ടായിരുന്നവരും തമ്മില്‍ തര്‍ക്കമായി. ടെക്കിയും സംഘവും തിടുക്കത്തില്‍ കാറില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു. മല്‍സര ഓട്ടത്തിനിടെ ഒരു ബൈക്ക് കാറില്‍ തട്ടി വയലിലേക്ക് മറിഞ്ഞു. ഇതോടെ കൂടുതല്‍ പേര്‍ സംഘടിച്ചെത്തി കാറിലുണ്ടായിരുന്നവരെ തടഞ്ഞ് പുറത്തേക്ക് വലിച്ചിട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നൂറോളം ഗ്രാമീണര്‍ അവിടെ എത്തിയിരുന്നു. ഏറെ നേരത്തിന് ശേഷമാണ് പൊലിസ് എത്തിയത്. അപ്പോഴേക്കും മുഹമ്മദ് അസം മരിച്ചിരുന്നു. ഖത്തര്‍ പൗരനടക്കുമുള്ളവരെ പൊലിസ് ആശുപത്രിയിലേക്ക് മാറ്റി.അസമിന്റെ ബന്ധുക്കള്‍ തന്നെയാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍. എല്ലാവരും വിവിധ കമ്പനികളില്‍ ജീവനക്കാരാണ്. ഖത്തര്‍ പൗരന്‍ ഇവരുടെ സുഹൃത്താണ്.സംഭവവുമായി ബന്ധപ്പെട്ട് 32 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും അറസ്റ്റിലായിട്ടുണ്ട്. സ്ത്രീകളും പിടിയിലായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."