പിലാത്തറയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്
തളിപ്പറമ്പ്: ദേശീയപാതയില്‍ പിലാത്തറയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. പിലാത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. ഒരേ ദിശയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
മംഗളൂരുവിലേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറി കാറിന്റെ പിറകില്‍ ഇടിച്ചപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഈ സമയത്ത് പിന്നാലെ വന്ന മറ്റൊരു കാര്‍ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ ലോറിയുമായി കൂട്ടിയിടിച്ച് ലോറിക്കുള്ളില്‍ കുടുങ്ങി. ഡ്രൈവര്‍ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി മുട്ടില്‍ ഹൗസില്‍ സുജിത്തിനെ(29) പൊലിസും ഫയര്‍ഫോഴ്സുമെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. കാര്‍ പൂര്‍ണമായി തകര്‍ന്നു.
താഴ്ചയിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന തൃക്കരിപ്പൂരിലെ പാര്‍വതി(10), റോഡിരികിലൂടെ നടന്നുപോകുകയായിരുന്ന പിലാത്തറ പെരിന്തട്ടയിലെ അപര്‍ണ(14) എന്നിവര്‍ക്കും പരിക്കേറ്റു.
എല്ലാവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്, പരിയാരം മെഡിക്കല്‍ കോളജ് എസ്.ഐ വി.ആര് വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടത്തെതുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."