ധനകാര്യ സ്ഥാപന ഉടമയെ തീകൊളുത്തി കൊന്ന പ്രതി അറസ്റ്റില്‍
താമരശേരി (കോഴിക്കോട്): ധനകാര്യ സ്ഥാപന ഉടമയെ പട്ടാപ്പകല്‍ സ്ഥാപനത്തില്‍ വച്ച് പെട്രോളൊഴിച്ച് തീകൊളുത്തികൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. കൈതപ്പൊയിലിലെ മലബാര്‍ ഫൈനാന്‍സിയേഴ്‌സ് ഉടമയും പുതുപ്പാടി കുപ്പായക്കോട് സ്വദേശിയുമായ ഇളവക്കുന്നേല്‍ സജി കുരുവിള (53)യെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ആലപ്പുഴ കടുവിനാല്‍ വള്ളിക്കുന്നം സുമേഷ് ഭവനത്തില്‍ സുമേഷ്‌കുമാറി (40) നെയാണ് റൂറല്‍ എസ്.പിയുടെ പ്രത്യേക സംഘം മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചയോടെ പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടേകാലോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
പ്ലംബിംഗ് കോണ്‍ട്രാക്ടറായിരുന്ന പ്രതി രണ്ടുലക്ഷം രൂപയുടെ ആവശ്യത്തിനാണ് ധനകാര്യ സ്ഥാപനത്തിലെത്തിയത്. എന്നാല്‍ ആവശ്യത്തിന് ഈടുനല്‍കാനുള്ള സ്വര്‍ണമോ മറ്റോ ഇയാളുടെ പക്കലുണ്ടായിരുന്നില്ല. ഈടില്ലാതെ തന്നെ രണ്ടുലക്ഷം വേണമെന്നായിരുന്നു ആവശ്യം. നിരന്തരം ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് അവസാന ശ്രമമെന്ന നിലയില്‍ വെള്ളിയാഴ്ച രണ്ടുകുപ്പി പെട്രോള്‍ കൈയില്‍ കരുതി പ്രതി വീണ്ടും സ്ഥാപനത്തിലെത്തിയത്.ഏറെ നേരം സ്ഥാപനത്തില്‍ ചെലവഴിച്ച ശേഷം പണം കിട്ടില്ലെന്ന് കണ്ടതോടെ കൈയില്‍ കരുതിയ പെട്രോള്‍ കുരുവിളയുടെ ശരീരത്തില്‍ ഒഴിക്കുകയും തീ കൊടുക്കുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
വൈകിട്ടോടെ സംഭവ സ്ഥലത്തു നിന്ന് പോയ പ്രതി നേരത്തെ പ്ലംബിങ് ജോലിയെടുത്ത കോഴിക്കോട് ബീച്ചിനടുത്തുള്ള ഫ്‌ളാറ്റിലെത്തുകയും പുലര്‍ച്ചെവരെ അവിടെ ചെലവഴിക്കുകയും ചെയ്തു. പിന്നീട് ബൈക്കില്‍ തിരൂര്‍ തലക്കടത്തൂരിലെത്തി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലിസ് സംഘം ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ തിരൂരിലെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഉച്ചയോടെ പ്രതിയെ കൈതപ്പൊയിലിലെ സംഭവ സ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി റൂറല്‍ എസ്.പി ജി.ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈ.എസ്.പി പി.സി സജീവന്‍, സി.ഐ ടി.എ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ്.ഐ സായൂജ്കുമാര്‍, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ രാജീവ് ബാബു, സി.പി.ഒ മാരായ ഷിബില്‍ ജോസഫ്, ഹരിദാസന്‍, ഷഫീഖ് നീലിയാനിക്കല്‍ എന്നിവരാണ് പ്രതിയെ തിരൂരിലെത്തി പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."