ചെക്കുകള്‍ക്ക് കീറകടലാസിന്റെ വില; പണമിടപാടുകാര്‍ നട്ടംതിരിയുന്നു
കണ്ണൂര്‍: ബാങ്കുകളില്‍ സമര്‍പ്പിക്കുന്ന ചെക്കുകള്‍ മാറി ലഭിക്കാനുള്ള കാലതാമസം ഇടപാടുകാര്‍ക്ക് ഇരുട്ടടിയാവുന്നു. ഇപ്പോള്‍ ആഴ്ചകളാണ് ചെക്കുകള്‍ മാറികിട്ടാന്‍ സമയമെടുക്കുന്നത്. ഇതുകാരണം അത്യാവശ്യ കാര്യങ്ങള്‍ക്കായി പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കുന്ന ഇടപാടുകാര്‍ വെള്ളം കുടിക്കുകയാണ്.
റിസര്‍വ് ബാങ്കിന്റെ തലതിരിഞ്ഞ നയമാണ് ഇതിനു കാരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നത്. നേരത്തെ ഓരോ ബാങ്കിലും സമര്‍പ്പിക്കുന്ന ചെക്കുകള്‍ അതത് പ്രദേശങ്ങളിലെ ക്ലിയറന്‍സ് കേന്ദ്രങ്ങളില്‍ നിന്നാണ് മാറ്റിയെടുക്കാറുള്ളത്. എന്നാല്‍ ആര്‍.ബി.ഐ നിര്‍ദേശപ്രകാരം ഇപ്പോഴത് ചെന്നൈയിലാക്കിയിരിക്കുകയാണ്. എല്ലാ ബാങ്കുകളുടെയും ചെക്കുകള്‍ക്കു ക്ലിയറന്‍സ് നല്‍കുന്നത് ചെന്നൈയില്‍ വച്ചാണ്.
ചെക്കുകള്‍ക്കു പകരം അതിന്റെ ചിത്രങ്ങളാണ് അയക്കുന്നത്. ഇങ്ങനെ അയക്കുന്ന ചിത്രങ്ങളില്‍ അവ്യക്തതയോ മറ്റോ സംഭവിച്ചാല്‍ മടങ്ങും. എന്നാല്‍ ഇങ്ങനെ മടങ്ങുന്ന ചെക്കുകള്‍ക്കു എന്തു സംഭവിച്ചെന്നു ഇടപാടുകാര്‍ അറിയുന്നേയില്ല. ഇതുകാരണം ചില ചെക്കുകള്‍ റദ്ദാകുന്ന അവസ്ഥയുണ്ടെന്നു ബാങ്ക് ഇടപാടുകാര്‍ പറയുന്നു. എന്നാല്‍ ഈ ചെക്കുകള്‍ ഇടപാടുകാരന്റേതല്ലാത്ത കാരണത്താല്‍ മടങ്ങിയാലും 200 രൂപ പെനാല്‍റ്റിയടിക്കാന്‍ ബാങ്കുകള്‍ മടി കാണിക്കാറില്ല.
ദക്ഷിണേന്ത്യന്‍ ബാങ്കുകളുടെ ക്ലിയറന്‍സ് കേന്ദ്രമായ ചെന്നൈയില്‍ ആവശ്യമായ സെര്‍വര്‍ സംവിധാനമോ ജീവനക്കാരോയില്ലെന്നാണ് ബാങ്ക് അധികൃതര്‍ തന്നെ പറയുന്നത്. ഇക്കാര്യം ഇടപാടുകാരെ പറഞ്ഞു മനസിലാക്കാനാവാതെ ഇവര്‍ കുഴയുകയാണ്. അക്കൗണ്ടില്‍ പണമുണ്ടെങ്കിലും അതെടുക്കാനാവാത്ത അവസ്ഥയിലാണ് ഇടപാടുകാര്‍. എ.ടി.എമ്മുകള്‍ മിക്കതും കാലിയാണ്. പേപ്പര്‍ ഇടപാടുകളില്‍ നിന്നു ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറികൊണ്ടിരിക്കെ ഇതിനു ഗതിവേഗം ലഭിക്കാനാണ് ഇടപാടുകാരെ റിസര്‍വ് ബാങ്ക് ഞെരിക്കുന്നതെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."