കല്യാടും കുറ്റിയാട്ടൂരും 'പുലിപ്പേടി'
ശ്രീകണ്ഠപുരം: കല്യാട് ചുങ്കസ്ഥാനത്തും കുറ്റിയാട്ടൂര്‍ ചോലയിലും പുലിയിറങ്ങിയതായി അഭ്യൂഹം. കല്യാട് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ റബര്‍ ടാപ്പിങ് തൊഴിലാളിയാണ് പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടത്. പിന്നീട് സിബ്ഗ കോളജിനു സമീപം പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടതായി പ്രചരിച്ചു. ബുധനാഴ്ച രാത്രി മേഖലയില്‍ പുലിയിറങ്ങിയെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. രാത്രി ഒന്‍പതരയോടെ ബ്ലാത്തൂരിലേക്ക് സര്‍വിസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് ഡ്രൈവറും രണ്ടു ബൈക്ക് യാത്രികരുമാണ് പുലിയെന്നു തോന്നിക്കുന്ന ജീവിയെ കണ്ടതായി അവകാശപ്പെട്ടത്. റോഡുമുറിച്ചുകടക്കാന്‍ ശ്രമിച്ച ജീവി ആളുകളെ കണ്ടതിനാല്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞുവെന്നും ഇവര്‍ പറയുന്നു. വിവരമറിഞ്ഞ് ഇരിക്കൂര്‍ എസ്.ഐ വി.വി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് തെരച്ചില്‍ നടത്തി. കുറ്റിയാട്ടൂര്‍ ചോലയില്‍ ഇന്നലെ പുലര്‍ച്ചെ പുലിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ചോലയില്‍ നിടുകുളം റോഡ് ജങ്ഷനിലാണ് പുലിയെ കണ്ടത്. മേഖലയില്‍ നാട്ടുകാര്‍ ഭീതിയിലാണ്. ഇരുസ്ഥലങ്ങളിലും വനപാലകര്‍ പരിശോധന നടത്തി കൂടുവയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."