മാവോയിസ്റ്റ് ഭീഷണി മുപ്പതോളം ബൂത്തുകളില്‍ അതീവ സുരക്ഷ
ഇരിട്ടി: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരിട്ടി പൊലിസ് സബ് ഡിവിഷണല്‍ പരിധിയിലെ വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം ബൂത്തുകളെ അതീവസുരക്ഷാ ബൂത്തുകളായി തെരഞ്ഞെടുത്തു. വയനാട്ടില്‍ പൊലിസുമായുണ്ടായ എറ്റുമുട്ടലിനെ തുടര്‍ന്ന് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞദിവസം ആന്ധ്രയിലുണ്ടായ അക്രമവും കണക്കിലെടുത്താണു മാവോയിസ്റ്റ് സംഘങ്ങളുടെ സാന്നിധ്യം റിപ്പോര്‍ട്ടുചെയ്ത മേഖലകളില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തുന്നത്.
പേരാവൂര്‍ മേഖലയില്‍ പേരാവൂര്‍, കേളകം, കണ്ണവം പൊലിസ് സ്റ്റേഷന്‍ പരിധികളിലും ആറളം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ആറളം ഫാം ഗവ. എച്ച്.എസ്, പരിപ്പ് തോട് എല്‍.പി സ്‌കൂള്‍, കരിക്കോട്ടക്കരി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കരിക്കോട്ടക്കരി, ചരള്‍, വാണിയപ്പാറ, അങ്ങാടിക്കടവ്, കച്ചേരിക്കടവ്, പാലത്തുംകടവ് പ്രദേശത്തെ ബൂത്തുകളും ഉള്‍പ്പെടെ മുപ്പതോളം ബൂത്തുകളിലുമാണു മാവോയിസ്റ്റ് സുരക്ഷാ മുന്‍കരുതല്‍ ബൂത്തുകളായി പ്രഖ്യാപിച്ച് അതിസുരക്ഷയൊരുക്കുന്നത്. ഈ ബൂത്തുകളില്‍ സായുധരായ പൊലിസുകാര്‍ക്കൊപ്പം മാവോയിസ്റ്റ് വിരുദ്ധ സേനയില്‍ ഉള്‍പ്പെടുന്ന തണ്ടര്‍ബോള്‍ട്ട്, അര്‍ധസൈനിക വിഭാഗം എന്നിവയും സുരക്ഷയൊരുക്കും. പോളിങ് ബൂത്തിലും സമീപവും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. പോളിങ് ബൂത്തിന്റെ 500 മീറ്റര്‍ ചുറ്റളവ് സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരിക്കും. വോട്ടര്‍മാര്‍ക്കു നിര്‍ഭയമായി വോട്ടുചെയ്യാനുള്ള സുരക്ഷയും സൗകര്യവുമൊരുക്കും. ഇന്നുമുതല്‍ ഈ മേഖലകളില്‍ രാത്രികാല വാഹന പരിശോധനകള്‍ ശക്തമാക്കും. ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആറളംഫാം ആദിവാസി പുനരധിവാസ മേഖലകള്‍ ഉള്‍പ്പെടെ വനമേഖലയോടു ചേര്‍ന്ന മേഖലകള്‍ പൊലിസിന്റെ നിരീക്ഷണത്തിലാകും. ബൂത്തുകളില്‍ പൊലിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. മാവോയിസ്റ്റ് സുരക്ഷയൊരുക്കുന്ന ബൂത്തുകള്‍ക്കു പുറമെ പ്രശ്‌നബാധിത ബൂത്തുകള്‍, അതീവ പ്രശ്‌നബാധിത ബൂത്തുകള്‍ എന്നിങ്ങനെ വിവിധ പോളിങ് സ്റ്റേഷനുകളിലും പ്രത്യേക സുരക്ഷയൊരുക്കാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയസംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലും അടുത്തകാലത്ത് രാഷ്ട്രീയ അക്രമങ്ങള്‍ അരങ്ങേറിയ പ്രദേശങ്ങളും ഉള്‍പ്പെടുത്തിയാണു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ബൂത്തുകളില്‍ സുരക്ഷയൊരുക്കുന്നത്. ഇരിട്ടി കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി സ്‌കൂള്‍, വിളമന എല്‍.പി സ്‌കൂള്‍, കുന്നോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരിങ്കരി ജി.എച്ച്.എസ്, വട്ട്യറ ഡോണ്‍ബോസ്‌കോ എല്‍.പി സ്‌കൂള്‍, പാല ഗവ. എച്ച്.എസ്.എസ്, മീത്തലെ പുന്നാട് യു.പി സ്‌കൂള്‍, പെരുമ്പറമ്പ് യു.പി സ്‌കൂള്‍ തുടങ്ങി മുപ്പത്തിയൊന്‍പതോളം പോളിങ് സ്റ്റേഷനുകളാണു പ്രശ്‌നബാധിത ബൂത്തുകളായി തെരഞ്ഞെടുത്തത്. ഇതില്‍ പത്തെണ്ണം അതീവ പ്രശ്‌നബാധിത ബൂത്തുകളാണ്. ഇവിടങ്ങളില്‍ സായുധരായ സൈനിക വിഭാഗത്തിന്റെ സുരക്ഷയൊരുക്കും. പോളിങ് ബൂത്തുകളില്‍ നിരീക്ഷണ കാമറകളും സ്ഥാപിക്കുമെന്ന് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."