കുട്ടികളെ ഉപയോഗിച്ച് വോട്ടുപിടിത്തം; പി.കെ ബിജുവിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി
ജംഷീര്‍ പള്ളിക്കുളം
പാലക്കാട്: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവിന്റെ വിഷു-ഈസ്റ്റര്‍ ആശംസകളുമായി തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ 29 ബൂത്തിലെ ബാലസംഘത്തിലെ കുട്ടികളെ ഉപയോഗപ്പെടുത്തി വോട്ടുപിടിക്കുന്നതായി പരാതി. ചിറ്റൂര്‍ താലൂക്കിലെ വടകരപ്പതി പഞ്ചായത്തിലെ സുജിഷ്ണ നിവാസില്‍ പ്രേംജിത്ത് വേലന്താവളമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. ഇന്നലെ രാവിലെ മുതല്‍ ഉച്ചക്ക് 12മണിവരെ കുട്ടികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാണ് പരാതി.
ബിജുവിന് വോട്ട് അഭ്യര്‍ഥിച്ചു കൊണ്ടുള്ള ടീഷര്‍ട്ടുകളും, ചിഹ്നങ്ങളുമടങ്ങുന്ന തൊപ്പികളും ബലൂണുകളുമായാണ് കുട്ടികള്‍ പ്രചാരണത്തിനിറങ്ങിയത്. കുട്ടികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് കമ്മിഷന്‍ നിരോധിച്ചിട്ടുണ്ട്്. നട്ടുച്ച സമയങ്ങളിലെ കഠിന ചൂടിലും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കടുത്ത ബാലാവകാശ ലംഘനമാണ്. കനത്ത ചൂടുകാരണം അവധിക്കാല സ്‌കൂളുകളും സ്റ്റഡി സെന്ററുകള്‍ പോലും തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് പറയുമ്പോഴും, ഇങ്ങനെ കുട്ടികളെ ചൂഷണം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ജില്ലയില്‍ ഈ വേനല്‍ക്കാലത്ത് സൂര്യാതപമേറ്റ് നാലുപേര്‍ മരിക്കുകയും 150ല്‍പരം ആളുകള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ കൂടിയാണ് ഇത്തരത്തില്‍ ബാലസംഘത്തിലെ കുരുന്നുകളെ വോട്ടുപിടിത്തത്തിനായി ഇറക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കും, റോഡ് ഷോകള്‍ക്കും വീടുകള്‍ കയറിയുള്ള പ്രചാരണങ്ങളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത് വ്യാപകമാകുന്നുണ്ട്. കുട്ടികളെ കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നുമിരിക്കെ, തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നതും മൗലികാവകാശ ലംഘനത്തില്‍ ഉള്‍പ്പെടും.
ഭരണഘടന കുട്ടികള്‍ക്ക് നല്‍കുന്ന 24ആം വകുപ്പിന്റെ ലംഘനം കൂടിയായി മാറുകയാണ് കുട്ടികളെക്കൊണ്ടുള്ള വോട്ടുപിടിത്തം. ഇത്തരത്തില്‍ കുട്ടികളെ ഉപയോഗിച്ചുള്ള ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പി.കെ ബിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരേ നിയമാനുസൃതമായി നടപടി സ്വീകരിക്കണമെന്നാണ് ഇലക്ഷന്‍ കമ്മിഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."