പൊന്നാനിയില്‍ സി.പി.എമ്മിനെതിരേ ആഞ്ഞടിച്ച് സി.പി.ഐ
പൊന്നാനി: ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താമെന്ന സി.പി.എമ്മിന്റെ വ്യാമോഹം വിലപ്പോവില്ലെന്ന് സി.പി.ഐ. വിയോജിപ്പുകള്‍ പറഞ്ഞും പ്രകടിപ്പിച്ചും എല്‍.ഡി.എഫില്‍ തന്നെ തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. നഗരസഭയില്‍ ഇടതു മുന്നണിയുടെ ഭാഗമായി തന്നെയാണ് പ്രവര്‍ത്തിക്കുകയെന്നും സി.പി.ഐ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മിലെ ഒരു വിഭാഗം പറയുന്നത് അപ്പാടെ അനുസരിക്കാന്‍ സി.പി.ഐക്ക് ബാധ്യതയില്ല. നയപരമായ വിഷയങ്ങളില്‍ വിയോജിപ്പുണ്ടെങ്കില്‍ തുറന്നു പറയാന്‍ സി.പി.ഐ മടിക്കില്ലെന്നും അതു തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കിനഗരസഭാ കൗണ്‍സിലില്‍ യോജിക്കാവുന്ന മേഖലകളില്‍ സഹകരിച്ചിട്ടുണ്ട്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജാഗ്രത കാണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കും പരാതിയില്ല.
എന്നാല്‍ അക്രമ രാഷ്ടീയത്തോട് യോജിക്കാനാവില്ല. സി.പി.എം പ്രതിരോധത്തിലാവുമ്പോള്‍ മാത്രം ഇടതു ഐക്യം പറയരുത്. ജനകീയാസൂത്രണ മാനദണ്ഡങ്ങള്‍ അട്ടിമറിക്കല്‍, നിയമന വിവാദം തുടങ്ങിയ വിവിധ പ്രശ്‌നങ്ങളില്‍ പാര്‍ടിക്ക് വിയോജിപ്പുണ്ട്.തങ്ങളുടെ നിലപാട് മറ്റുള്ളവരെല്ലാം ചര്‍ച്ച പോലും ചെയ്യാതെ അനുസരിക്കണമെന്ന ഒരു വിഭാഗം സി.പി.എം നേതാക്കളുടെ നിലപാട് ഫാഷിസ്റ്റ് മനോഗതിയാണ്. ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമായ സി.പി.ഐ യോട് മുന്നണി വിടാന്‍ പറയുന്നതും ധാര്‍ഷ്ട്യമുള്ളവരാണ്. ഉപാധ്യക്ഷയെ നിലനിര്‍ത്തണോ എന്ന് ആലോചിക്കുമെന്ന ഭീഷണി വിലപ്പോവില്ല. അടങ്ങി ഒതുങ്ങി നിന്നാല്‍ മുന്നണിയില്‍ തുടരാം. ഇല്ലെങ്കില്‍ പായയും തലയണയും തരാം, അതുമെടുത്തു മുന്നണിയില്‍നിന്ന് പുറത്തിറങ്ങിക്കോളൂവെന്ന് കഴിഞ്ഞ ദിവസം സി.പി.ഐക്ക് എല്‍.ഡി.എഫ് കണ്‍വീനര്‍ താക്കീത് നല്‍കിയിരുന്നു . പുറത്തു പോകുമ്പോള്‍ മുന്നണിയില്‍നിന്നു കിട്ടിയ സ്ഥാനമാനങ്ങള്‍ രാജിവയ്ക്കാനുള്ള മാന്യത കാണിക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം നേതാവുമായ പി.കെ.ഖലീമുദ്ദീന്‍ മുന്നറിയിപ്പു നല്‍കുകയുണ്ടായി .
ഇതിന്റെ പ്രതികരണമായാണ് സി.പി.ഐ നേതാക്കള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. സി.പി.എമ്മിന്റെ ഭീഷണി ഒരിക്കലും സി.പി.ഐ യുടെ മുന്നില്‍ വിലപ്പോവില്ലെന്ന് സി.പി.ഐ പാര്‍ലിമെന്ററി പാര്‍ടി ലീഡര്‍ എ കെ ജബ്ബാര്‍, എല്‍.ഡി.എഫ് ചെയര്‍മാന്‍ എം.എ ഹമീദ്, പാര്‍ടി നേതാക്കളായ കെ കെ ബാബു, വി ഷണ്‍മുഖന്‍, എന്‍ സിറാജുദ്ധീന്‍ എന്നിവര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."