റഷ്യന്‍ ലോകകപ്പ് നമുക്ക് മറക്കാതിരിക്കാം
റഷ്യയില്‍ നടന്ന 21-ാം ലോകകപ്പിന് ഇന്നലെ സമാപനമായിരിക്കുന്നു. ഓര്‍ത്തിരിക്കാന്‍ സങ്കടങ്ങളും സന്തോഷങ്ങളും നല്‍കിയാണ് റഷ്യയില്‍ ലോകകപ്പിന് അവസാന വിസില്‍ മുഴങ്ങുന്നത്.
ഇതിഹാസ താരങ്ങളുടെ തിരിച്ചു പോക്ക്. ഫുട്‌ബോളിനെയും കായികത്തേയും നെഞ്ചേറ്റുന്നവരെ വേദനിപ്പിച്ച് ലോക താരങ്ങളുടെ പടിയിറക്കം. ലോക ടീമുകളാണെന്ന് അവകാശപ്പെട്ടിരുന്നവരുടെ പടിയിറക്കം. സര്‍വസജ്ജമായ ടീമുമായെത്തിയിട്ടും കപ്പിന് അടുത്തെത്താന്‍ പോലുമാവാതെ മടങ്ങിയവര്‍. പുതിയ താരങ്ങളുടെ പിറവി. ലോക ഫുട്‌ബോളില്‍ നാളെയുടെ താരങ്ങളാവാന്‍ കരുത്തുള്ളവര്‍. ഗോള്‍ വലക്ക് മുന്നില്‍ ഉരുക്ക് കോട്ട തീര്‍ത്ത കാവല്‍ ഭടന്‍മാര്‍. എല്ലാവരുടേയും ലോകകപ്പായിരുന്നു റഷ്യയിലേത്. ഖത്തറില്‍ അവതരിക്കുന്നതിന് വേണ്ടി ആ വസന്തം മാഞ്ഞിരിക്കുന്നു. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ ഫുട്‌ബോള്‍ അതികായന്‍മാരുടെ ഫുട്‌ബോള്‍ ഇന്ദ്രജാലം അവസാനിച്ച ലോകകപ്പ്... അങ്ങനെ നീളുന്നു റഷ്യന്‍ ലോകകപ്പിന്റെ നഷ്ടങ്ങള്‍. റഷ്യന്‍ ലോകകപ്പിന്റെ വിശേഷങ്ങളിലൂടെ.
അര്‍ജന്റീന / ബ്രസീല്‍
ലക്ഷോപലക്ഷം ഫുട്‌ബോള്‍ ആസ്വാദകരും ഫാന്‍സും ചാംപ്യന്‍മാരാകുന്നത് സ്വപ്നം കണ്ടിരുന്ന ബ്രസീലും അര്‍ജന്റീനയും ലോകകപ്പില്‍നിന്ന് പുറത്തായി. ലയണല്‍ മെസ്സിയുടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തന്നെ മുട്ടുകുത്തിയപ്പോള്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ കാലിടറി വീണ് റഷ്യയില്‍ നിന്ന് മടങ്ങി.
ബെല്‍ജിയം
ഫുട്‌ബോളെന്ന കാവ്യം കൊണ്ട് ചരിത്രം രചിച്ച് ആദ്യമായി ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനക്കാരായി. ഈഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രൂയിന്‍, റൊമേലു ലുക്കാക്കു എന്നിവര്‍ നേതൃത്വം നല്‍കിയ ബെല്‍ജിയം ആധുനിക ബെല്‍ജിയത്തിന്റെ ചരിത്രത്തില്‍ പുതിയൊരു ചരിത്രം തുന്നിച്ചേര്‍ത്ത് റഷ്യയില്‍ നിന്ന് മടങ്ങി.
ചാംപ്യന്‍മാരുടെ ശവപ്പറമ്പായി കസാന്‍
ലോക ചാംപ്യന്‍മാരുടെ ശവപ്പറമ്പായി കസാന്‍ അരീനയെന്ന സ്റ്റേഡിയം മാറിയതായിരുന്നു റഷ്യയെ നൊമ്പരപ്പെടുത്തിയ മറ്റൊരു കാഴ്ച. റഷ്യയുടെ സ്‌പോര്‍ട്‌സിന്റെ തലസ്ഥാനം എന്നതിലുപരി ഇനി കസാന്‍ അറിയപ്പെടുന്നത് ഈ പേരിലായിരിക്കും. കൊറിയയോട് അടി തെറ്റി ജര്‍മനി വീണത് കസാനില്‍. ഫ്രാന്‍സുമായി കൊമ്പുകോര്‍ത്ത അര്‍ജന്റീനക്ക് അടിതെറ്റിയതും ഇവിടെ തന്നെ. കസാനില്‍ നിന്ന് കരഞ്ഞാണ് ലോക ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീലും മടങ്ങിയത്.
ദിദയര്‍ ദെശാംപ്‌സ്
റഷ്യയിലെ ഫ്രഞ്ച് വിപ്ലവത്തിന് കൊടി പിടിച്ച കുറിയ മനുഷ്യന്‍. ഫൈനലിലേക്കുള്ള ഫ്രാന്‍സിന്റെ ജൈത്രയാത്രയില്‍ മുന്നില്‍നിന്ന് നയിച്ചത് ദിദിയന്‍ ദെശാംപ്‌സ് എന്ന ബുദ്ധിശാലിയുടെ തന്ത്രങ്ങളായിരുന്നു. ഫ്രഞ്ച് ടീമിനൊപ്പം ചേര്‍ന്നിട്ട് ആറു വര്‍ഷം. ഫുട്‌ബോളിലെ ഏറ്റവും വലിയ നേട്ടമായ ലോകകപ്പ് ചാംപ്യന്‍മാരാക്കാനും ദെശാംപ്‌സിനു കഴിഞ്ഞു.
ഫെയര്‍ പ്ലേ വിധി
ഒരേ പോയിന്റ്, സ്‌കോര്‍ ചെയ്തത് ഒരേ എണ്ണം ഗോളുകള്‍.
ഒരേ റെക്കോര്‍ഡുകള്‍ ജപ്പാനും സെനഗലിനും കാര്യങ്ങള്‍ ഒരുപോലെയായിരുന്നു എന്നിട്ടും സെനഗല്‍ ലോകകപ്പില്‍ പുറത്തായി. ഫെയര്‍ പ്ലേ റൂള്‍ പ്രകാരം സെനഗലിന്റെ ആറു മഞ്ഞക്കാര്‍ഡ് പരിഗണിച്ചപ്പോള്‍ സെനഗലിന് പുറത്തേക്കുള്ള വഴിതെളിഞ്ഞു. ഫെയര്‍ പ്ലേ റൂള്‍ എന്ന നിയമം പുറത്താക്കിയ ആദ്യ രാജ്യമായി സെനഗല്‍.
ജപ്പാന്‍
ഉദയ സൂര്യന്റെ നാട്ടില്‍ നിന്ന് ഏഷ്യയുടെ കരുത്തായി റഷ്യയില്‍ ജപ്പാന്‍ മികച്ചു നിന്നു. റോസ്റ്റോവ് അരീനയില്‍ ബെല്‍ജിയത്തെ വിറപ്പിച്ച് 94-ാം മിനുട്ടില്‍ ജപ്പാന്‍ പൊരുതി വീണു. റഷ്യന്‍ ലോകകപ്പിലെ ത്രില്ലിങ്ങ് മാച്ചുകളിലൊന്നായിരുന്നു ജപ്പാന്‍-ബെല്‍ജിയം. ലോയും ലെപറ്റഗിയും
ലോക ചാംപ്യന്‍മാരാകാന്‍ വീണ്ടുമെത്തിയ ജര്‍മനിയുമായി ആദ്യ റൗണ്ടില്‍ തന്നെ നാട്ടിലേക്ക് തിരിക്കേണ്ടി വന്ന ഹതഭാഗ്യനായ പരിശീലകന്‍ ജര്‍മനിയുടെ ജാക്വിം ലോ. ലോകകപ്പിന്റെ ഒരു ദിവനം മുമ്പ് പുറത്താക്കപ്പെട്ട സ്പാനിഷ് പരിശീലകനായിരുന്ന ജൂലിയന്‍ ലെപറ്റഗിയും റഷ്യയില്‍ ചര്‍ച്ചയായി.
എംബാപ്പെ
മെസ്സിക്കും റൊണാള്‍ഡോക്കും ശേഷം ആരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കി ഒരു പത്തൊന്‍പതുകാരന്‍ ഉദയം ചെയ്ത ലോകകപ്പ്. അര്‍ജന്റീനയടക്കമുള്ള പ്രമുഖ ടീമുകളെ ഓടിത്തോല്‍പ്പിച്ച കരുത്തുറ്റ ഫുട്‌ബോളര്‍.
നെയ്മര്‍
നാലു മാസത്തെ പരുക്കിന് ശേഷം ലോകരാജാവാകാന്‍ റഷ്യയിലെത്തിയ നെയ്മര്‍ക്ക് കണ്ണീരോടെ മടക്കം.
ഇന്ദ്രജാലം പ്രതീക്ഷിച്ചവര്‍ക്ക് നാടകം കാണിച്ച് താരമായി.
സോഷ്യല്‍ മീഡിയയും നാടകത്തെ ഏറ്റെടുത്തു. ഫിഫവരെ അമിത അഭിനയത്തിനെതിരേ രംഗത്തെത്തി.
സെല്‍ഫ് ഗോള്‍
12 സെല്‍ഫ് ഗോള്‍ പിറന്നെന്ന ലോക റെക്കോര്‍ഡുണ്ട് റഷ്യന്‍ ലോകകപ്പിന്. സെമി ഫൈനല്‍ വരെയുള്ള കണക്കുകളില്‍ സെല്‍ഫ് ഗോളില്‍ മുന്നില്‍ റഷ്യന്‍ ലോകകപ്പ് തന്നെ.
റഷ്യ
ആതിഥേയര്‍ എന്ന പേരിലും ടീം എന്ന പേരിലും തിളങ്ങി നിന്നു. ഫിഫയുടെ ചരിത്രത്തില്‍ ആദ്യമായി ചെറിയ റാങ്കുള്ള ടീം ക്വാര്‍ട്ടര്‍ കളിക്കുക എന്ന നേട്ടം സ്വന്തമാക്കി.
പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനെ കെട്ടുകെട്ടിച്ചു. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുമായി പൊരുതിവീണു.
സെറ്റ് പീസ്
സെറ്റ് പീസ് ഗോളുകള്‍ക്കൊണ്ട് റഷ്യന്‍ ലോകകപ്പ് ചരിത്രം തിരുത്തു.
സെമി ഫൈനല്‍ വരെ 70 സെറ്റ് പീസ് ഗോളുകളാണ് റഷ്യയില്‍ പിറന്നത്.
വാര്‍
വിഡിയോ അസിസ്റ്റിങ് റഫറി സിസ്റ്റത്തിലൂടെ വിധി പറയല്‍ റഷ്യയിലെ പുതിയ കാഴ്ചയായി. അഭിനയിച്ച് വീഴുന്നവര്‍ക്കും അര്‍ഹിച്ചവര്‍ക്കും യഥാര്‍ഥ വിധി വാങ്ങിക്കൊടുക്കാന്‍ വാറിനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."