ജനം കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍; പൈപ്പ് പൊട്ടല്‍ തകൃതി
പിരായിരി: വേനല്‍ കനത്തതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ട മൊടുമ്പോഴും പൈപ്പ് പൊട്ടലും, പൈപ്പ് അറ്റകുറ്റപ്പണിയും പൈപ്പുകളുടെ അറ്റകുറ്റപണിക്കായുള്ള വെട്ടിപ്പൊളിക്കലും തകൃതിയാവുകയാണ്. നഗരസഭയിലും പരിസരപ്രദേശങ്ങളിലുമായി മലമ്പുഴ വെള്ളം വിതരണം ചെയ്യുന്നതിലുള്ള അപാകതയാണ് ദുരിതമാവുന്നത്.
നഗരസഭയിലെ 52 വാര്‍ഡുകളും പിരായിരി പഞ്ചായത്തിലെ തരവത്ത് പടിവരെയുള്ള ഭാഗങ്ങളിലും മലമ്പുഴ വെള്ളവിതരണം നടത്തുന്നത്. എന്നാല്‍ മിക്കയിടങ്ങളിലും രാവിലെയും വൈകിട്ടും കുറഞ്ഞ സമയം മാത്രമാണ് ജലവിതരണം സാധ്യമാകുന്നത്.
എന്നാല്‍ അടുത്തകാലത്തായി അറ്റകുറ്റ പണികള്‍ക്കായി ദിവസങ്ങളോളം മലമ്പുഴ വെള്ളം നിര്‍ത്തിവെക്കുന്നത് ജനങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ്. ശരാശരി വലിയ കുടുംബങ്ങളുള്ള വീടുകളിലും, 1000 സ്‌ക്വയര്‍ ഫീറ്റിനു മുകളിലുള്ള ഓഫിസുകളിലും 1000-2000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കുകളാണുള്ളത്. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ ഈ ടാങ്കുകളില്‍ വെള്ളം നിറയ്ക്കണമെങ്കില്‍ 1000 രൂപ മുടക്കണം. വാട്ടര്‍ സപ്ലൈ വാഹനങ്ങള്‍ക്ക് വളരെ ചെറിയ ടാങ്കാണെങ്കിലും ഇതിനും 1000 രൂപ നല്‍കണം. നഗരസഭയിലെ മിക്കറോഡുകളും പൈപ്പുകള്‍ക്കു വേണ്ടി വെട്ടിപൊളിക്കല്‍ സ്ഥിരം കാഴ്ചയാണ്.
അമൃത് പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന പൈപ്പുകളുടെ അറ്റകുറ്റ പണികള്‍ക്കായി വെട്ടിപൊളിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കേണ്ടത് കരാറുകാരാണെന്നിരിക്കെ ഇത് മിക്കയിടത്തും വഴിപാടാണ്. മലമ്പുഴ-പുത്തൂര്‍ റോഡ് കഴിഞ്ഞ 23ന് കാലപ്പഴക്കമുള്ള പൈപ്പ് പൊട്ടിയത് വെള്ളത്തിന്റെ സമ്മര്‍ദം മൂലമായിരുന്നു എന്നായിരുന്നു വിശദീകരണം.
വെണ്ണക്കര ഭാഗത്തും പ്രശ്‌നം നീറിപുകയുകയാണ്. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയിലെ 52 വാര്‍ഡുകളിലും പരിസരപ്രദേശങ്ങളിലുമായി 140 കിലോ മീറ്റര്‍ നീളത്തില്‍ പൈപ്പുകള്‍മാറ്റി സ്ഥാപിക്കും. കഴിഞ്ഞ വര്‍ഷമാരംഭിച്ച പണി 2020 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കുമെന്നു പറയുമ്പോഴും എത്രത്തോളം സാധ്യമാകുമെന്നത് കണ്ടറിയണം.
160 മി.മീറ്റര്‍ മുതല്‍ 600 മി.മി വരെയുള്ള പൈപ്പുകളാണ് മാറ്റിസ്ഥാപിക്കല്‍ പ്രവൃത്തി നടക്കുന്നത്. എന്നാല്‍ നിലവിലെ കുടിവെള്ള പൈപ്പുകള്‍ ഇതുവഴി കടന്നുപോകുന്നുവെന്ന് കൃത്യമായി മനസിലാക്കാതെയാണ് മിക്കയിടത്തും റോഡ് വെട്ടിപൊളിക്കുന്നത്. നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള വിതരണ പൈപ്പുകള്‍ കാലപഴക്കത്താല്‍ ദ്രവിച്ചതും തുരുമ്പെടുത്തതുമാണ്. വേനല്‍ കനത്ത് ജനം തൊണ്ട നയ്ക്കാന്‍ പാടുപെടുമ്പോള്‍ മിക്കയിടത്തും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാവുകയാണ്. എന്നാല്‍ പൊതു നിരത്തുകളില്‍ കുടിവെള്ളം പാഴാവുന്നത് ജല അതോറിറ്റിയെ അറിയിച്ചാലും നടപടികള്‍ പ്രഹസനമാണ്.
റോഡില്‍ പൈപ്പ് പണികള്‍ക്കായുള്ള കുഴികളില്‍ പെട്ടുള്ള അപകടങ്ങളും പതിവാണ്. വേനല്‍ കടുത്ത സാഹചര്യത്തില്‍ മതിയായ കുടിവെള്ള വിതരണത്തിന് നടപടികള്‍കൈകൊള്ളേണ്ടതിനു പകരം പൈപ്പുകള്‍ക്കുവേണ്ടിയുള്ള അറ്റകുറ്റ പണികള്‍ക്കു വേണ്ടി റോഡുകള്‍ വെട്ടിപൊളിക്കുന്നതിനും ദിവസങ്ങളോളം കുടിവെള്ളം മുടക്കുന്നതിനുമെതിരെ പ്രതിക്ഷേധം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."