ഇരയെ കേള്‍ക്കാതെ ജാമ്യം അനുവദിച്ച നടപടി നിയമ വിരുദ്ധം: പാലത്തായി കേസിലെ പ്രതി പത്മരാജന് ഹൈക്കോടതിയുടെ നോട്ടിസ്
കൊച്ചി: പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ബി.ജെ.പി പ്രാദേശിക നേതാവ് പത്മരാജന് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതിക്ക് തലശേരി അഡീ.സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് കോടതി നോട്ടിസ് പുറപ്പെടുവിച്ചത്.
ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും ക്രൈംബ്രാഞ്ചിന് കോടതി നിര്‍ദേശം നല്‍കി. കുട്ടിയുടെ മൊഴിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും പൊലിസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയതെന്നാണ് ആരോപണം.
പോക്സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തില്‍ തലശ്ശേരി പോക്സോ കോടതിക്ക് ജാമ്യഹരജി പരിഗണിക്കാനാകില്ലെന്നായിരുന്നു ഹരജിയിലെ വാദം. ഇരയെ കേള്‍ക്കാതെ ജാമ്യം അനുവദിച്ച നടപടി നിയമ വിരുദ്ധമാണെന്നു ഹരജിയില്‍ പറയുന്നു.
ഹരജി ഓഗസ്റ്റ് ആറിനു പരിഗണിക്കാനായി മാറ്റി. ഹൈക്കോടതി അഭിഭാഷകന്‍ സൂരജ് ടി. ഇലഞ്ഞിക്കല്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. തലശേരി സെഷന്‍സ് കോടതിയില്‍ ഹരജിക്കാരിയും പ്രോസിക്യുഷനും പുനരന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി അനുവദിച്ചിരുന്നു. തുടര്‍ന്ന് എ.എസ്.പി രേഷ്മ രമേശിനെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചു. വനിതാ അന്വേഷണ ഉദ്യോഗസ്ഥ വേണമെന്ന് ഇരയുടെ കുടുംബം ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്.
അധ്യാപകനായ പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്്റ്റ് ചെയ്യാന്‍ പൊലിസ് തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."