കൈയേറ്റക്കാരെ സഹായിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല: എം.എം ഹസന്‍
തൃശൂര്‍: കൈയേറ്റക്കാരെ സഹായിക്കുന്ന നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. അത്തരത്തില്‍ ഒരു നിലപാട് കോണ്‍ഗ്രസിനില്ല.
മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തോടുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണിയുടെ വിയോജിപ്പ് പാര്‍ട്ടിയുടെ നിലപാടല്ലെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളി യൂനിയന്‍ നേതാവ് എന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ പറഞ്ഞതെന്ന് മണിയോട് ചോദിക്കുമെന്നും ഹസന്‍ പറഞ്ഞു. സി.പി.ഐയിലെ ഒരു വിഭാഗം നേതാക്കള്‍ സംസ്ഥാനത്ത് സി.പി.എം വിരുദ്ധത സൃഷ്ടിക്കുവാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം ശ്രമിക്കുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം സി.പി.ഐയില്‍ പിളര്‍പ്പുണ്ടാക്കാനാണ്.
നാടന്‍ ശൈലിയല്ല നീചമായ ഭാഷയാണ് മണി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരേ പ്രയോഗിച്ചത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മണിക്ക് മന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. മണി രാജി വയ്ക്കുന്നതുവരെ കോണ്‍ഗ്രസും യു.ഡി.എഫും പ്രക്ഷോഭം തുടരും. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന സംഭവങ്ങളുടെ മറവില്‍ മുന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ സ്തംഭിക്കുകയാണ്. ഇതിനെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, മുന്‍ പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."