HOME
DETAILS

ബഹിഷ്‌കരണത്തിന്റെ സാംസ്‌കാരിക ധ്വനികള്‍

  
backup
July 30 2020 | 02:07 AM

ap-kunchanmu-2020

 

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഈയിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു റാലി ഏര്‍പ്പാടാക്കുകയുണ്ടായി. മുന്‍കൂട്ടി ടിക്കറ്റെടുത്തു വേണം റാലി നടത്തുന്ന ഹാളിലേക്ക് പ്രവേശിക്കാന്‍. പതിനായിരങ്ങള്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ഹാളാണ്. ടിക്കറ്റു മുഴുവനും വളരെ വേഗം വിറ്റുപോയി. തിങ്ങിനിറഞ്ഞ ശ്രോതാക്കളെ പ്രതീക്ഷിച്ചെത്തിയ ട്രംപ് കണ്ടത് ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍. വന്ന ആളുകള്‍ തന്നെ അദ്ദേഹം പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഓരോരുത്തരായി എഴുന്നേറ്റ് പോയി. ട്രംപിനെ ഞെട്ടിച്ച ഈ ബഹിഷ്‌കരണ പരിപാടി ആസൂത്രണം ചെയ്തത് ഒരു കൂട്ടം വിദ്യാര്‍ഥികളും ചെറുപ്പക്കാരുമാണ്. അവര്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ മുഴുവനും വാങ്ങിക്കൂട്ടി, അവസരം വന്നപ്പോള്‍ ഹാള്‍ ശൂന്യമാക്കുകയും ചെയ്തു. ഒഴിഞ്ഞ കസേരകളോട് ട്രംപ് സംസാരിക്കേണ്ടി വന്നത് അങ്ങനെയാണ്. അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാന്‍സല്‍ കള്‍ച്ചറി(സംസ്‌കാരത്തെ റദ്ദാക്കല്‍)ന്റെ കൂട്ടത്തിലാണ് പെടുത്തുന്നത്. കൃത്യമായി അങ്ങനെ പറഞ്ഞു കൂടെങ്കിലും.
കാന്‍സല്‍ കള്‍ച്ചര്‍ എന്ന സംജ്ഞയുടെ നിഘണ്ടു പ്രകാരമുള്ള അര്‍ഥം ചിലതിനെയോ ചിലരെയോ നിരാകരിക്കുക എന്നാണ്. ഒരു വ്യക്തിയെയോ ഒരു ആശയത്തെയോ ചെറുക്കുക എന്നതാണ് ഈ നിരാകരണത്തിന്റെ ഉദ്ദേശ്യം. ഇങ്ങനെ നിരാകരിക്കപ്പെടുന്നവരുടെ പട്ടികയില്‍ വരുന്നത് പൊതുസമൂഹത്തില്‍ ഇടംപിടിച്ച പ്രമുഖരായിരിക്കും. ഇത്തരം സെലിബ്രിറ്റികള്‍ക്കുള്ള ജനപിന്തുണ കാന്‍സല്‍ കള്‍ച്ചറിലൂടെ പിന്‍വലിക്കപ്പെടുന്നു. വെറുതെ പിന്‍വലിക്കുന്നതല്ല. തങ്ങള്‍ക്ക് അസ്വീകാര്യമായതോ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് നിരക്കാത്തതോ ആയ വാക്കുകളുടെയോ പ്രവര്‍ത്തികളുടെയോ ഫലമായിട്ടായിരിക്കും സംസ്‌കാരികമായ ഈ പിന്തുണ പിന്‍വലിക്കല്‍. അഭിനേതാക്കളാണ് കാന്‍സല്‍ കള്‍ച്ചറിന് ഇരകളാവുന്നതെങ്കില്‍ അവര്‍ അഭിനയിച്ച സിനിമയും ടെലിവിഷന്‍ പരിപാടിയും കാണുന്നതില്‍നിന്ന് ആളുകള്‍ പിന്തിരിയുന്നു. സംഗീതജ്ഞരാണെങ്കില്‍ അവരുടെ സംഗീതം വിലക്കപ്പെടുന്നു. കായിക താരങ്ങളാണെങ്കില്‍ അവര്‍ പങ്കെടുക്കുന്ന കായിക മത്സരങ്ങള്‍ കാണുകയില്ല. ഒരാള്‍ സാംസ്‌കാരികമായി റദ്ദ് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ അയാള്‍ക്ക് പിന്നീട് പൊതുമണ്ഡലത്തില്‍ ഇടമില്ല. കൃത്യമായി പറഞ്ഞാല്‍ സാമൂഹ്യബഹിഷ്‌കരണമാണിത്. കുറച്ച് വര്‍ഷങ്ങളായി പടിഞ്ഞാറന്‍ വികസിത സമൂഹത്തിലെ ഒരു ചെറുത്തുനില്‍പ്പ് രീതിയാണിത്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഈ ബഹിഷ്‌കരണം പ്രധാനമായും നടപ്പിലാവുന്നത്.

അല്‍പം ചരിത്രം


കാന്‍സല്‍ കള്‍ച്ചര്‍ ഒരു തരം ഓണ്‍ലൈന്‍ ഷെയിമിങ്ങായാണ് കണക്കാക്കപ്പെടുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇ - മെയില്‍ ഗ്രൂപ്പുകളിലൂടെയും മറ്റും നടത്തുന്ന നാണം കെടുത്തലാണല്ലോ ഷെയിമിങ്. കാന്‍സലേഷന്‍, ഡോക്‌സിങ്, മോശമാക്കിയുള്ള നിരൂപണങ്ങള്‍, പ്രതികാര ബുദ്ധിയോട് കൂടിയ അശ്ലീല പ്രചരണം, വധഭീഷണി, വിദ്വേഷക്കത്തുകള്‍, സമ്മതമില്ലാതെ ഫോട്ടോ പ്രസിദ്ധീകരിക്കല്‍, എതിര്‍ പ്രചരണങ്ങള്‍ എന്നിങ്ങനെ ഒരാളെ പൊതുജനദൃഷ്ടിയില്‍ മോശമായി ചിത്രീകരിക്കാനുതകുന്ന എന്തും ഇതില്‍ പെടും. 2015 മുതല്‍ കാന്‍സല്‍ കള്‍ച്ചര്‍ എന്ന പ്രയോഗം നിലവിലുണ്ട്. എന്നാല്‍, 2018 മുതല്‍ ഈ പ്രയോഗം വ്യാപകമായി. മീ ടൂ കാംപയിന് ഇരയായവരെ സാംസ്‌കാരികമായി ബഹിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ അതിന് മറ്റൊരു മാനം കൈവരികയും ചെയ്തു. മിഷിഗന്‍ സര്‍വകലാശാലയിലെ മാധ്യമ പഠന വിഭാഗത്തില്‍ പ്രൊഫസറായ ലിസാ നകാമുറയുടെ അഭിപ്രായത്തില്‍ ഇത് സാംസ്‌കാരിക ബഹിഷ്‌കരണം തന്നെയാണ്. ഒരാളെ പൊതുജീവിതത്തില്‍നിന്നു പുറന്തള്ളുന്നതിലൂടെ അയാളുടെ ജീവിതോപാധി നിഷേധിക്കുക തന്നെയാണ്. തങ്ങള്‍ക്ക് വിയോജിപ്പുള്ളവരെ ബഹിഷ്‌കരിക്കുന്നതിനു പിന്നില്‍ അസഹിഷ്ണുതയാണുള്ളത്. അങ്ങനെ നോക്കുമ്പോള്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെയാണ് കാന്‍സല്‍ കള്‍ച്ചര്‍ തടസപ്പെടുത്തുന്നത്. ഈ അസഹിഷ്ണുതക്കെതിരായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇതു സംബന്ധിച്ചുള്ള ഏറ്റവും കൗതുകകരമായ കാര്യം 18നും 34നുമിടക്ക് വയസുള്ളവരാണ് സാംസ്‌കാരിക ബഹിഷ്‌കരണത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷം എന്നതാണ്. മൈക്കല്‍ ജാക്‌സണ്‍, ബില്ലി കോസ്സി, റോസിയാന്‍ ബര്‍ തുടങ്ങിയ പല സെലിബ്രിറ്റികളും ഈ കാളിങ് ഔട്ടിന് ഇരകളായവരാണ്.


എന്നാല്‍, കാന്‍സല്‍ കള്‍ച്ചറിനെ മറ്റൊരു തലത്തില്‍ പ്രതിഷ്ഠിക്കുന്നവരും സാമൂഹ്യ ചിന്തകര്‍ക്കിടയില്‍ നിരവധി. അതേപ്പറ്റി കൂടുതല്‍ ആലോചിക്കുമ്പോള്‍ ഈ സാംസ്‌കാരിക ബഹിഷ്‌കരണത്തിന്റെ ചരിത്രത്തിലേക്കും സാമൂഹിക മാനങ്ങളിലേക്കും നാം സഞ്ചരിക്കേണ്ടിവരും. ട്വിറ്ററിലെ ബ്ലാക്ക് യൂസേഴ്‌സ് അഥവാ കറുത്ത വര്‍ഗക്കാരായ ട്വിറ്റര്‍ ഉപയോക്താക്കളാണ് ഈ ഏര്‍പ്പാടിന് തുടക്കമിട്ടത്. 2010ല്‍ ബ്ലാക്ക് ട്വിറ്റര്‍ പ്രസ്ഥാനം എന്ന് ഇത് അറിയപ്പെട്ടു. തങ്ങള്‍ക്കെതിരായുള്ള വംശീയവും ലിംഗപരവുമായ വിവേചനങ്ങള്‍ക്കെതിരായുള്ള പ്രതികരണമെന്ന നിലയിലാണ് കറുത്ത വര്‍ഗക്കാര്‍ സോഷ്യല്‍ മീഡിയയില്‍ സാംസ്‌കാരികമായ ഈ കൊലപാതക (കള്‍ച്ചറല്‍ മര്‍ഡറിങ് )ത്തില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലെ ഫാന്‍ ബേസ് (ആരാധക അടിത്തറ) തകര്‍ക്കുകയായിരുന്നു കൊലപാതകത്തിനുള്ള ഒരു വഴി. അതിന് എതിര്‍ പ്രചരണങ്ങള്‍ ഉപയോഗിക്കുന്നത് സ്വാഭാവികം. കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ രൂപപ്പെട്ട വോക്ക് സംസ്‌കൃതി ഈ എതിര്‍ സ്വരങ്ങളുടെ അടിത്തറയായി. ആഫ്രോ - അമേരിക്കന്‍ സമൂഹത്തിന്റെ ഈ സാംസ്‌കാരിക ധാര പിന്നീട് അമേരിക്കയിലെ ഇടതുപക്ഷ ചിന്തയുടെയും ഫെമിനിസത്തിന്റെയും ലിബറല്‍ മൂല്യങ്ങളുടെയും എല്‍.ജി.ബി.ടി ആക്ടിവിസത്തിന്റെയുമെല്ലാം ആശയ സ്രോതസായി.
എപ്പോഴും ഉണര്‍ന്നിരിക്കുക എന്നതില്‍നിന്നാണ് വോക്ക് എന്ന പ്രയോഗം രൂപപ്പെട്ടത്. ഈ ഉണര്‍വില്‍നിന്നാണ് തങ്ങള്‍ക്കെതിരായ ആശയങ്ങളെ നിരാകരിക്കുക എന്ന സാംസ്‌കാരിക റദ്ദാക്കലുകള്‍ ഉണ്ടായി വന്നത്. ഇത് സ്വയംപൊലിസ് ചമയലാണെന്നാണ് സാമാന്യമായ അഭിപ്രായം. എതിര്‍ശബ്ദങ്ങളെ കൊല്ലുന്ന ഇത്തരം പ്രവര്‍ത്തികളെ സാംസ്‌കാരിക അപഭ്രംശമായി പൊതുസമൂഹം കാണുകയും ചെയ്യുന്നു. എന്നാല്‍, അധഃസ്ഥിതന്റെ സാംസ്‌കാരിക പ്രതിരോധമായി കാന്‍സല്‍ കള്‍ച്ചറിനെ കാണുന്ന വലിയൊരു വിഭാഗം ആളുകളുമുണ്ട്.


സ്മാര്‍ത്തവിചാരത്തിന്റെ മറു രൂപം


ഇന്ത്യന്‍ സാമൂഹ്യ സാഹചര്യങ്ങളില്‍ കാന്‍സല്‍ കള്‍ച്ചര്‍ എങ്ങനെയാണ് ആവിഷ്‌കരിക്കപ്പെടുന്നത് എന്ന് ആലോചിച്ചു നോക്കുന്നത് കൗതുകകരമായിരിക്കും. സമുദായത്തിന്റെ പൊതുധാരയില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണത പണ്ടേയുണ്ട്. സാമുദായിക നിയമങ്ങളെ ധിക്കരിക്കുന്നവരെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമാണല്ലോ പണ്ടു മുതല്‍ക്കേ നമ്മുടെ ജീവിതം. നമ്പൂതിരി വിചാരത്തിലെ സ്മാര്‍ത്തവിചാരവും തുടര്‍ന്നു സംഭവിക്കുന്ന ഭ്രഷ്ടും ഓര്‍ക്കുക. തീരപ്രദേശങ്ങളിലെ അരയ സമൂഹങ്ങളിലുമുണ്ട് ഇത്തരം സംവിധാനങ്ങളും വിചാരണകളും ബഹിഷ്‌കരണങ്ങളും. ഗോത്രവര്‍ഗ സമൂഹങ്ങളില്‍ ഊരുവിലക്ക് അസാധാരണമല്ല. എന്ന് മാത്രമല്ല, പരിഷ്‌കൃതസമൂഹങ്ങളും പലപ്പോഴും മോറല്‍ പൊലിസിങ്ങിന്റെ ഭാഗമായി സാമൂഹ്യ ബഹിഷ്‌കരണം അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയുണ്ട്.


കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങളെ കുറിച്ച് ആലോചിക്കുക. വിയോജിപ്പിന്റെ സ്വരങ്ങള്‍ അവിടെ ഒരിക്കലും പൊറുപ്പിക്കപ്പെടുന്നില്ല. എന്തിനേറെ തൊഴിലാളികളും അധ്യാപകരും ഉദ്യോഗസ്ഥരും മറ്റും നടത്തുന്ന പൊതുസമരങ്ങളില്‍ പങ്കെടുക്കാത്ത 'കരിങ്കാലികള്‍' നിരാകരണത്തിന്റെ ഇരകളാവുന്നത് പുതുമയല്ല. ഇത്തരം നിരാകരണങ്ങള്‍ കാന്‍സല്‍ കള്‍ച്ചറിന്റെ മറുരൂപങ്ങള്‍ തന്നെയാണ്. അത് എത്രത്തോളം സ്വീകാര്യമാണ് ഒരു ലിബറല്‍ ജനാധിപത്യ വ്യവസ്ഥയില്‍ എന്നതാണ് വിഷയം. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ അത് ഇല്ലാതാക്കുകയും വിയോജിപ്പുകളെ അസഹിഷ്ണുതയോടെ സമീപിക്കുകയും ചെയ്യുന്നു എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്നാല്‍, തങ്ങള്‍ റദ്ദാക്കുന്നത് തങ്ങളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയെയും തങ്ങള്‍ക്ക് നീതിനിഷേധിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണെന്നാണ് സാംസ്‌കാരിക നിരാകരണത്തിന്റെ വക്താക്കളുടെ വാദം. ഇവയ്ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പ് തികച്ചും വ്യക്തിനിഷ്ഠമായിരിക്കും.

ജനാധിപത്യാവകാശങ്ങളും
ബഹിഷ്‌കരണവും
സാംസ്‌കാരിക ബഹിഷ്‌കരണങ്ങള്‍ ജനാധിപത്യവിരുദ്ധമാണ് എന്ന ആശയം പ്രബലമാണ്. കുറച്ചു മുന്‍പ് കേരളത്തില്‍ ഈ ആശയം ഗൗരവപൂര്‍വമായ ചര്‍ച്ചകള്‍ക്ക് വിധേയമാവുകയുണ്ടായി. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരായി ചില പ്രദേശങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു ഇത്. അതേപോലെ അമിത്ഷായെ ബഹിഷ്‌കരിക്കാന്‍ നീക്കങ്ങളുണ്ടായപ്പോഴും അവ ജനാധിപത്യ വിരുദ്ധ സമീപനങ്ങളായി വിലയിരുത്തപ്പെട്ടു. ഇത്തരം ബഹിഷ്‌കരണങ്ങള്‍ ഒരര്‍ഥത്തില്‍ കാന്‍സല്‍ കള്‍ച്ചറിന്റെ ആവിഷ്‌കാര രൂപങ്ങളല്ലേ? അപ്പോള്‍ സൈമണ്‍ കമ്മിഷന്‍ ബഹിഷ്‌കരിക്കാന്‍ മഹാത്മാ ഗാന്ധി നല്‍കിയ ആഹ്വാനമോ? ഇങ്ങനെ ഒട്ടേറെ ആലോചനകള്‍ക്ക് കാന്‍സല്‍ കള്‍ച്ചര്‍ വഴിതുറന്നിടുന്നുണ്ട്. ഏതായാലും ഒരു കാര്യം തീര്‍ച്ച, ആധുനിക സമൂഹത്തില്‍ സാംസ്‌കാരികമായ ഇത്തരം റദ്ദാക്കലുകള്‍ വളരെയധികം ഫലപ്രദമാണ്. അതുകൊണ്ടാണ് ഡൊണാള്‍ഡ് ട്രംപിന് ഒഴിഞ്ഞ കസേരകളോട് സംസാരിക്കേണ്ടി വന്നതും സ്വന്തം പരാധീനതകളെക്കുറിച്ചുള്ള തിരിച്ചറിവുണ്ടായതും. അവയുടെ ശരി തെറ്റുകളും സാമൂഹ്യവിവക്ഷകളും വേറെ വിഷയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  20 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  26 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago