ഗൗരിയമ്മയ്ക്ക് സര്‍ക്കാരിന്റെ ആദരം; ചാത്തനാട് തലസ്ഥാനമാക്കി മന്ത്രിപ്പട
ആലപ്പുഴ : കേരള മന്ത്രിസഭയിലെ ആദ്യ അംഗമായ കെ.ആര്‍ ഗൗരിയമ്മയെ ആദരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള മന്ത്രിപട ചാത്തനാട്ടെത്തി. 1957 ലെ ആദ്യ മന്ത്രിസഭയിലെ ജീവിച്ചിരിക്കുന്ന രണ്ടംഗങ്ങളിലൊരാളായ ഗൗരിയമ്മയ്ക്ക് സര്‍ക്കാരിന്റെ ആദരം അറിയിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചാത്തനാട്ടെ വസതിയിലെത്തിയത്. ജീവിച്ചിരിക്കുന്ന മറ്റൊരംഗമായ ചന്ദ്രശേഖരന്‍ നായരെ മന്ത്രിസഭ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.
ആറ് പതിറ്റാണ്ടുകള്‍ പിന്നിടുന്ന സഭയുടെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഗൗരിയമ്മയെ സര്‍ക്കാര്‍ ആദരിച്ചത്. ഇന്നലെ പഴയ നിയമസഭാ മന്ദിരത്തില്‍ യോഗം ചേര്‍ന്നശേഷമാണ് മുഖ്യമന്ത്രിയും സംഘവും ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. അക്ഷാര്‍ഥത്തില്‍ തലസ്ഥാനം ചാത്തനാട്ടേക്ക് മാറിയ പ്രതീതി ജനിപ്പിച്ചാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്.
രക്തഹാരം ചാര്‍ത്തി ഗൗരിയമ്മ പിണറായിയെ സ്വീകരിച്ചു. മന്ത്രിസഭയിലെ പ്രമുഖരെല്ലാം ഗൗരിയമ്മയെ കാണാന്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇത് ഗൗരിയമ്മയുടെ ജീവിതത്തിലെ വികാരനിര്‍ഭരമായ മുഹൂര്‍ത്തമായി. മുഖ്യമന്ത്രി എത്തുന്നതിനുമുന്‍പേ മന്ത്രിമാരായ ജി. സുധാകരന്‍, വി.എസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. ടി.എം തോമസ് ഐസക്ക്, പി. തിലോത്തമന്‍, എ.സി മൊയ്തീന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഗൗരിമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. വൈകിട്ട് 4.30ഓടെ ചാത്തനാട്ടെ വീട്ടിലെത്തിയ മുഖ്യമന്ത്രി സര്‍ക്കാരിനുവേണ്ടി ഗൗരിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിയമസഭയ്ക്കുവേണ്ടിയും ഗൗരിയമ്മമ്മയെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."