കുടിവെള്ള വിതരണം നടത്താതെ നഗരസഭ ജനങ്ങളെ ദ്രോഹിക്കുന്നു: യു.ഡി.എഫ്
ഫറോക്ക്: കുടിവെളള ക്ഷാമം അതിരൂക്ഷമായിട്ടും ശുദ്ധജല വിതരണം നടത്താതെ ഫറോക്ക് നഗരസഭ ഭരണസമിതി ജനത്തെ ദ്രോഹിക്കുകയാണെന്ന് യു.ഡി.എഫ്. വരള്‍ച്ച നേരിടാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടിവെളള വിതരണം നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ഇതു മുഖവിലക്കെടുക്കാന്‍ ഭരണസമിതി തയാറായിട്ടില്ലെന്നും ഫറോക്ക് മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി പത്രക്കുറിപ്പില്‍ ആരോപിച്ചു. കുടിവെളള വിതരണത്തിനായി രണ്ടുതവണ ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും അനുമതി നല്‍കാന്‍ നഗരസഭ തയാറായില്ല.
പകരം രണ്ടു തവണ ക്വട്ടേഷന്‍ ക്ഷണിച്ചപ്പോഴും ഇതില്‍ പങ്കെടുക്കാത്ത സി.പി.എം പ്രവര്‍ത്തകന് നേരിട്ടു കുടിവെളള വിതരണത്തിന് അനുവാദം നല്‍കി സ്വജനപക്ഷപാതം കാണിക്കുകയാണ് ഭരണ സമിതി ചെയ്തത്. നടപടിക്രമങ്ങള്‍ പാലിക്കാതെ കുടിവെളള വിതരണത്തിനു അനുമതി വാങ്ങിയയാള്‍ കേവലം രണ്ടു ദിവസം ചില പ്രദേശങ്ങളില്‍ മാത്രം ശുദ്ധജല വിതരണം നടത്തി അവസാനിപ്പിക്കുകയും ചെയ്തു. മൂന്ന് ഭാഗവും ഉപ്പ് വെളളത്താല്‍ ചുറ്റപ്പെട്ട ഫറോക്ക് നഗരസഭയിലെ പകുതിയലധികം പ്രദേശങ്ങളിലും വര്‍ഷകാലത്ത് പോലും കുടിവെളളത്തിന് ക്ഷാമമാണ്. വരള്‍ച്ച അതിരൂക്ഷമായതോടെ ശുദ്ധജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ഫറോക്കിന് തൊട്ടടുത്തു കിടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കു മുമ്പെ ശുദ്ധജലവിതരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഫറോക്ക് നഗരസഭയില്‍ കുടിവെളള വിതരണം കാര്യക്ഷമമായി നടത്താന്‍ ഭരണസമിതി തയാറാകുന്നില്ലെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി. ഈ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദ് കക്കാടും കണ്‍വീനര്‍ കെ.എ വിജയനും പത്രകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."