നനഞ്ഞൊലിച്ച് ഞായര്‍
കൊച്ചി: ശനിയാഴ്ച രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത മഴ നഗരത്തെ വെള്ളത്തിനടിയിലാക്കി. പ്രധാനറോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം മഴ ദുരിതം വിതച്ചു. വിവിധയിടങ്ങളിലായി നൂറോളം വീടുകളില്‍ വെള്ളം കയറി.ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായി. എം.ജി റോഡില്‍ രവിപുരം മുതല്‍ ഗ്രൗണ്ടുവരെയുള്ള ഭാഗത്ത് വെള്ളക്കെട്ട് ഗതാഗതം തടസ്സമുണ്ടാക്കി. ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പകുതിഭാഗം വെള്ളത്തില്‍ മുങ്ങിയാണ് സര്‍വീസ് നടത്തിയത്. വിവിധ സ്ഥാപനങ്ങളിലും വെള്ളം കയറി. ബസ് സ്റ്റോപ്പുകളും വെള്ളത്താല്‍ ചുറ്റപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരം, സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരം എന്നിവ വെള്ളത്തിനടിയിലായി.
സൗത്ത് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വെള്ളത്തില്‍ മുങ്ങിയ കാര്‍ ഇടക്കുവച്ച് നിന്നുപോയി. റെയില്‍വെ ക്വാര്‍ട്ടേഴ്‌സിലും വെള്ളം കയറി. റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നവര്‍ മുട്ടോളം വെള്ളത്തില്‍ നീന്തി വേണം പോകാന്‍. ട്രെയിന്‍ ഇറങ്ങി ബസ് കയറാന്‍ പോകുന്നവരുടെ അവസ്ഥയും ഇതുതന്നെ. വെള്ളക്കെട്ട് രൂക്ഷമായതോടെ ഓട്ടോറിക്ഷകള്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുപോലും വരാത്ത അവസ്ഥയാണ്. മേനകയും ഹൈക്കോര്‍ട്ട് ജങ്ഷനും ഉള്‍പ്പെടുന്ന ഷണ്‍മുഖം റോഡില്‍ ഓടകള്‍ നിറഞ്ഞ് വെള്ളം റോഡിലേക്ക് ഇരച്ചു കയറി. മേനക റോഡില്‍ കാറുകള്‍ പകുതി മുങ്ങുന്ന തരത്തില്‍ വെള്ളം പൊങ്ങി. ബ്രോഡ്‌വെ മാര്‍ക്കറ്റും വെള്ളക്കെട്ടിലായി.
റോഡിലെ കുഴികളില്‍ നിരവധി ചെറുവാഹനങ്ങള്‍ വീണു.ഇടപ്പള്ളി, പാലാരിവട്ടം, ദേശാഭിമാനി, കച്ചേരിപ്പടി, കോണ്‍വെന്റ് ജങ്്ഷന്‍ തുടങ്ങിയ ഇടങ്ങളെല്ലാം വെള്ളത്തിലായി. കലൂര്‍ മാര്‍ക്കറ്റിലെ കടകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് കച്ചവടം നിര്‍ത്തിവച്ചു.കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനവും കനത്തമഴയില്‍ തടസ്സപ്പെട്ടു. ഓടകളില്‍ നിന്നുള്ള മാലിന്യം റോഡിലേക്ക് ഒഴുകിയെത്തിയതോടെ കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. വൈറ്റില പ്രദേശത്ത് വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ചെറുവാഹനങ്ങള്‍ പലതും ചെളിയിലും വെള്ളം നിറഞ്ഞ കുഴികളിലും വീണ് അപകടങ്ങളുമുണ്ടായി.
നഗരത്തിലെ പലഭാഗത്തെയും ട്രാഫിക് സിഗ്‌നലുകളും മഴയെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി. നിരവധി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന കമ്മട്ടിപ്പാടം, പി ആന്റ് ടി കോളനി, ഉദയകോളനി എന്നിവിടങ്ങളിലൊക്കെ വെള്ളക്കെട്ട് രൂക്ഷമായി. ജില്ലയില്‍ 54.08 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില സ്ഥലങ്ങളില്‍ 70 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."