ചുവന്ന മണ്ണില്‍ ചരിത്രമെഴുതി സുവര്‍ണ നീന
ജിയാനിങ് (ചൈന): ചുവന്ന മണ്ണില്‍ ചരിത്രമെഴുതി ഏഷ്യന്‍ ഗ്രാന്‍ പ്രീ അത്‌ലറ്റിക്‌സിന്റെ രണ്ടാം പാദത്തില്‍ മേപ്പയ്യൂരിന്റെ വി നീന. വനിതകളുടെ ലോങ് ജംപിലാണ് ശക്തമായ പോരാട്ടത്തിലൂടെ നീന സുവര്‍ണ ചാട്ടം നടത്തിയത്. 6.37 മീറ്റര്‍ ദൂരമാണ് നീന കീഴടക്കിയത്. ചൈനയുടെ സു സിയോലിങ് ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നായിരുന്നു നീന സ്വര്‍ണത്തിലേക്ക് ചാടിയത്. സു സിയോലിങ് രണ്ടാം റൗണ്ടില്‍ 6.32 മീറ്റര്‍ ചാടി. നീന നാലാം റൗണ്ടില്‍ ഈ ദൂരത്തിന് ഒപ്പമെത്തി. 6.37 മീറ്റര്‍ ദൂരം താണ്ടി ഒടുവില്‍ നീന സ്വര്‍ണം ഉറപ്പിച്ചു. 6.46 മീറ്റര്‍ ചാടി ആദ്യ പാദത്തില്‍ നീന വെള്ളി നേടിയിരുന്നു. റെയില്‍വേ താരമായ നീന കോഴിക്കോട് മേപ്പയ്യൂര്‍ വരകില്‍ നാരായണന്റെയും പ്രസന്നയുടെയും മകളാണ്. ദേശീയ രാജ്യന്തര മത്സരങ്ങളില്‍ നിരവധി സ്വര്‍ണ മെഡലുകള്‍ നീന വാരിക്കൂട്ടിയിരുന്നു. ദേശീയ സീനിയര്‍ മീറ്റ്, ദേശീയ ഗെയിംസ്, ഇന്ത്യന്‍ ഗ്രാന്‍ പ്രീ, തായ്‌ലന്‍ഡ് ഓപണ്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പുകളിലാണ് നീന സ്വര്‍ണം നേടിയിട്ടുള്ളത്.
ഒളിംപ്യന്‍ പി.ടി ഉഷയുടെ ശിഷ്യ ടിന്റു ലൂക്ക 800 മീറ്റര്‍ വെള്ളി നേടി. ആദ്യ പാദത്തിലും ടിന്റു വെള്ളി നേടിയിരുന്നു. വനിതകളുടെ 800 മീറ്ററില്‍ 2:06.32 സെക്കന്‍ഡിലാണ് ടിന്റു ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 800 മീറ്ററിലെ ആദ്യ പാദത്തില്‍ വെള്ളി നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനെ ഇന്നലെ ഭാഗ്യം കൈവിട്ടു. ഹീറ്റ്‌സില്‍ തന്നെ ജിന്‍സണ്‍ പുറത്തായി. 1:3.76 സെക്കന്‍ഡില്‍ അവസാന സ്ഥാനക്കാരനായാണ് ജിന്‍സന്‍ ഓട്ടം അവസാനിപ്പിച്ചത്. ഇന്ത്യയുടെ നീരജ് ചോപ്ര പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 83.32 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടി. ലണ്ടന്‍ ലോക ചാംപ്യന്‍ഷിപ്പിലേക്ക് നീരജ് യോഗ്യതയും നേടി. വനിതകളുടെ ഷോട് പുട്ടില്‍ മന്‍പ്രീത് കൗര്‍ ഇന്ത്യക്കായി വെള്ളിയും പുരുഷന്മാരില്‍ ഓംപ്രകാശ് വെങ്കലവും നേടി. വനിതകളുടെ 100 മീറ്ററിര്‍ ദ്യുതി ചന്ദും വെള്ളി നേടി. മൂന്നാമത്തെയും അവസാനത്തെയും ഗ്രാന്‍ഡ് പ്രീ 30ന് ചൈനയിലെ തായ്‌പേയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."