ജാതി പറയുന്നത് അപമാനമല്ല, അഭിമാനം: വെള്ളാപ്പള്ളി നടേശന്‍
ഹരിപ്പാട്: ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചേപ്പാട് യൂനിയനിലെ ശ്രീനാരായണ ധര്‍മോത്സവവും പ്രതിഭാസംഗമവും ധന്യ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാട്ടില്‍ ജാതി അധിഷ്ഠിതമായ നിയമം നിലനില്‍ക്കുമ്പോള്‍ ജാതി പറഞ്ഞേ പറ്റൂ. ജാതി ലഹളകള്‍ ഉണ്ടാക്കാനല്ല, മറിച്ച് നീതി ലഭിക്കാനായാണു ജാതി പറയേണ്ടത്. ജനാധിപത്യ വ്യവസ്ഥയില്‍ ഈഴവന്റെ വളര്‍ച്ച ഒച്ചിഴയുന്നതുപോലെയും, മറ്റുള്ളവരുടേത് ജെറ്റ് പായുന്നപോലെയുമാണ്. സംഘടിത ശക്തിയായി നിന്ന് വോട്ട് ചെയ്യുന്നവരെ സഹായിക്കാന്‍ ഇടത്-വലത് മുന്നണികള്‍ മത്സരിച്ചപ്പോള്‍ തകര്‍ക്കപ്പെട്ടത് ഈഴവ സമുദായമാണ്. മറ്റുള്ളവരുടെ അവകാശങ്ങള്‍ പിടിച്ചുപറിക്കലല്ല, ഉള്ള അവകാശങ്ങള്‍ നേടിയെടുക്കാനാണു ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചടങ്ങില്‍ പ്രതിഭകളെ ആദരിക്കലും അവാര്‍ഡ്ദാനവും നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു.
മഹാദേവികാട് യൂനിയന്‍ പ്രസിഡന്റ് എസ്. സലികുമാര്‍ അധ്യക്ഷനായി. ശ്രീനാരായണദര്‍ശന പഠനകേന്ദ്രം ആചാര്യന്‍ വിശ്വപ്രകാശം എസ്. വിജയാനന്ദ് വിജ്ഞപ്തി പ്രസംഗം നടത്തി. യോഗം ഡയറക്ടറേറ്റ് ബോര്‍ഡ് അംഗങ്ങളായ എം.കെ ശ്രീനിവാസന്‍, ഡി. ധര്‍മജന്‍, യൂനിയന്‍ കൗണ്‍സിലര്‍മാരായ ആര്‍. ഓമനക്കുട്ടന്‍, തൃക്കുന്നപ്പുഴ പ്രസന്നന്‍, എസ്. ജയറാം, അഡ്വ. യു. ചന്ദ്രബാബു, അയ്യപ്പന്‍ കൈപ്പള്ളില്‍, പി.എന്‍ അനില്‍ കുമാര്‍, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ബിനു കരുണാകരന്‍, എന്‍. ചിത്രാംഗദന്‍, വനിതാസംഘം പ്രസിഡന്റ് സി. മഹിളാമണി, സെക്രട്ടറി രാധാ അനന്തകൃഷ്ണന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എസ്. മനോജ്, സെക്രട്ടറി ജിതിന്‍ ചന്ദ്രന്‍, ശാന്തകുമാര്‍, രഘുനാഥ്, ദിനില്‍, രാജീവ് സംസാരിച്ചു. യൂനിയന്‍ സെക്രട്ടറി എന്‍. അശോകന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി. കാശിനാഥന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."