കരിങ്കടലില്‍ റഷ്യന്‍ യുദ്ധക്കപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ചു
ഇസ്താംബൂള്‍: കരിങ്കടയില്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് തകര്‍ന്നു. തുര്‍ക്കിയിലെ ഇസ്താംബൂള്‍ കടലിനടുത്തായിരുന്നു അപകടം. 78 റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ കപ്പലില്‍നിന്നു രക്ഷിച്ചതായി തുര്‍ക്കിഷ് തീരരക്ഷാ സേന അറിയിച്ചു.
ലിമാന്‍ എന്നു പേരുള്ള റഷ്യന്‍ ഇന്റലിജന്‍സ് കപ്പലാണ് ബോസ്ഫറസ് കടലിടുക്കില്‍നിന്ന് 40 കി.മീറ്റര്‍ അകലെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് അശോക്-7 എന്ന ചരക്കുകപ്പലുമായി കൂട്ടിയിടിച്ച ശേഷം മുങ്ങിത്താഴ്ന്നത്. നിറയെ കന്നുകാലികളുണ്ടായിരുന്ന അശോക്-7ന് കാര്യമായ പരുക്കുകളൊന്നുമില്ല.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ടോഗോയുടെ കൊടി ചരക്കുകപ്പലിനു മുകളിലുണ്ടായിരുന്നതായി തുര്‍ക്കി തീരരക്ഷാ സേനാവൃത്തങ്ങള്‍ പറഞ്ഞു.യുദ്ധക്കപ്പലിലെ എല്ലാവരും സുരക്ഷിതരാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തിനിടയാക്കിയ ചരക്കുകപ്പലിന്റെ ഉടമസ്ഥര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
മഞ്ഞുകാരണം കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് തുര്‍ക്കിഷ് കപ്പല്‍ ഏജന്‍സിയായ ജി.എ.സി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്‌രിം റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവിനെ വിളിച്ച് ദുഃഖം രേഖപ്പെടുത്തി.ഗവേഷണ കപ്പലായ ലിമാന്‍ പിന്നീട് ശത്രുനീക്കം നിരീക്ഷിക്കാനുള്ള കപ്പലാക്കി റഷ്യ മാറ്റുകയായിരുന്നു. നിലവില്‍ കരിങ്കടലിലെ നാറ്റോ സൈനിക അഭ്യാസം നിരീക്ഷിച്ചുവരികയാണ് കപ്പല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."