കനത്തമഴയിലും കാറ്റിലും ജില്ലയില്‍ വ്യാപകനാശം
കോട്ടയം: രണ്ടു ദിവസമായി തുടരുന്ന ശക്തമായ കാറ്റും കനത്ത മഴയും ജില്ലയില്‍ വ്യാപക നാശം വിതച്ചു. 150 വീടുകള്‍ തകര്‍ന്നു. റവന്യൂവകുപ്പിന്റെ കണക്കു പ്രകാരം രണ്ടുദിവസത്തെ കാറ്റിലും മഴയിലുമായി 150 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ജില്ലയിലെ വിവിധതാലൂക്കുകളിലായി ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത് . കോട്ടയം താലൂക്കില്‍ മാത്രം 40 വീടുകള്‍ തകര്‍ന്നു. പനച്ചിക്കാട്, നാട്ടകം വില്ലേജുകളിലാണ് ഏറെയും നാശനഷ്ടം. വേളൂര്‍ സെന്റ് ജോണ്‍സ് യു.പി.സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പും തുറന്നു. എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെ മുതല്‍ പെയ്ത മഴയിലാണ് ഏറെയും നാശം. കാലവര്‍ഷത്തിലും വെള്ളപ്പൊക്കത്തിലും റബറും നെല്‍കൃഷിയും വ്യാപകമായി നശിച്ചു. 100ലധികം പോസ്റ്റുകള്‍ തകര്‍ന്നതില്‍ കെ.എസ്.ഇ.ബിയുടെ നഷ്ടം 40 ലക്ഷം കവിഞ്ഞു. കനത്ത കാറ്റില്‍ മരം വീണ് പോസ്റ്റ് ഒടിഞ്ഞും ലൈനുകള്‍ തകരാറിലായുമാണ് പലയിടത്തും വൈദ്യുതി വിതരണം അവതാളത്തിലാണ്. ഞായറാഴ്ച ഉച്ചതോടെ ഭാഗികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും രാത്രി വൈകിയും പലയിടങ്ങളിലും വൈദ്യുതി നിലച്ച് തന്നെയാണ്.കോട്ടയം താലൂക്കിലെ പനച്ചിക്കാട്, നാട്ടകം, വേളൂര്‍, കുമരകം, ചെങ്ങളം സൗത്ത്, കൂരോപ്പട എന്നിവിടങ്ങളിലാണ് നാശനഷ്ടം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരുവഞ്ചൂര്‍ ക്ഷേത്രത്തിനുസമീപം പങ്കയില്‍ സുനില്‍കുമാറിന്റെ വീട് മരംവീണ് തകര്‍ന്നു. ഞായറാഴ്ച രാവിലെ 10നാണ് സംഭവം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. മരംവീണ് പേരൂര്‍ കിണറ്റില്‍മൂട് പടിഞ്ഞാറയില്‍ സാറാമ്മയുടെ വീട് പൂര്‍ണമായും തകര്‍ന്നു. കാറ്റില്‍ മരം കടപുഴകി ആര്‍പ്പൂക്കര പഞ്ചായത്തിലെ മണിയാപറമ്പ് വടക്കേപ്പുരക്കല്‍ തങ്കപ്പന്റെ വീട്, പനച്ചിക്കാട് കാടമുറി ഗിരിജാസദനം രമാദേവിയുടെ കട എന്നിവ തകര്‍ന്നു. കോട്ടയം ശാസ്ത്രി റോഡില്‍ വെളളംകയറി വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. ശാസ്ത്രി റോഡില്‍വള്ളുവനാട്ട് സുനിലും കുടുംബവും താമസിച്ചവീട്ടിലാണ് വെള്ളംപൊങ്ങിയത്. ടി.വി, ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കട്ടില്‍ ദിവാന്‍കോട്ട്, അലമാര ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചര്‍ ഉപകരണങ്ങളും വെള്ളംകയറി നശിച്ചു.
അതിരമ്പുഴ പഞ്ചായത്ത്-ഏറ്റുമാനൂര്‍ ഐ.ടി റോഡ്, കല്ലുമട-അയ്മനം, മൂലവട്ടം-പനച്ചിക്കാട്, പാറക്കല്‍കലുങ്ക്-പുതുപ്പള്ളി എന്നീറോഡുകളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാസേനയെത്തി മരംമുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."