വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി അറസ്റ്റില്‍
ന്യൂഡല്‍ഹി: കശ്മീരിലെ വിമത നേതാവ് ആസിയ അന്ദ്രാബി ശ്രീനഗറില്‍ അറസ്റ്റിലായി. പൊതുജന സുരക്ഷാ നിയമപ്രകാരമാണ് ഇവരെ പൊലിസ് അറസ്റ്റ് ചെയ്തത്. ദുഖ്തറാനെ മില്ലത്ത് (രാജ്യത്തിന്റെ പെണ്‍മക്കള്‍)എന്ന വിമത സംഘടനാ നേതാവാണ് ആസിയ. ഓള്‍ പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് അംഗം കൂടിയാണ് ഇവര്‍. കശ്മീര്‍ താഴ്‌വരയില്‍ പൊലിസിനും സൈന്യത്തിനുമെതിരേയുള്ള സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് ഇവരെയും രണ്ട് സഹായികളെയും പൊലിസ് അറസ്റ്റ് ചെയ്തത്. ഭീകരാക്രമണങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയില്‍ പ്രസംഗിച്ചിരുന്നതായും ലഷ്‌കറെ ത്വയിബ ഭീകരര്‍ക്ക് പരിശീലനത്തിന്റെ ഭാഗമായി ആസിയയുടെ പ്രസംഗങ്ങള്‍ കേള്‍പ്പിച്ചിരുന്നതായും നേരത്തേ പൊലീസ് പിടികൂടിയ ബഹദൂര്‍ അലി എന്നയാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
പ്രകോപനപരമായ പ്രസംഗം, പാക് ദേശീയഗാനം ചൊല്ലല്‍, പാക് പതാക വീശല്‍, ഇന്ത്യന്‍ സൈനികര്‍ക്കെതിരായ പരാമര്‍ശം, സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കല്‍ തുടങ്ങി നിരവധി കേസുകളില്‍ ആസിയയെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉരുക്കുവനിത എന്ന പേരിലാണ് കശ്മീര്‍ വിഘടനവാദികള്‍ക്കിടയില്‍ ആസിയ അറിയപ്പെടുന്നത്. ജയിലില്‍ കഴിയുന്ന ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് ആഷിക് ഹുസൈന്‍ ഫക്തുവാണ് ആസിയയുടെ ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."