ഒരുമാസമായിട്ടും കടപുഴകിയ വാകമരം മാറ്റാന്‍ നടപടിയായില്ല
കൊച്ചി: ഒരുമാസമായിട്ടും കടപുഴകിയ വാകമരം നടപ്പാതയില്‍ നിന്ന് മാറ്റാത്തത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നു. കാലവര്‍ഷം കനത്തതോടെ ഇതുവഴിയുള്ള യാത്ര ഏറെ ക്ലേശകരമായിരിക്കുകയാണ്. എറണാകുളം സെന്റ് തെരേസാസ് കോളജിന് എതിര്‍വശത്തുള്ള ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയുടെ ട്രാഫിക് പാര്‍ക്കിലേക്കാണ് കഴിഞ്ഞ മാസം 20നുണ്ടായ കാറ്റിലും കനത്തമഴയിലും വാകമരം കടപുഴകി വീണത്.
സെന്റ് തെരേസാസ് കോളജിലും സ്കൂളിലും പോകുന്ന വിദ്യാര്‍ഥികളുള്‍പ്പെടെ ദിനംപ്രതി നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ഇവിടെ വണ്‍വേ സമ്പ്രദായമായതിനാല്‍ പാര്‍ക്കിനു പിന് വശത്തത്തുള്ള ടൈല്‍ വിരിച്ച നടപ്പാതയെ ആശ്രയിച്ച് ബ്രോഡ്് വേയിലേക്കും മാര്‍ക്കറ്റിലേക്കുമൊക്കെ പോകുന്നവരും നിരവധിയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മരം വീണതോടെ ടൈല്പൊട്ടി നടപ്പാത പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. നടപ്പാതയും പാര്‍ക്കിന്റെ കൈവരിയും തകര്‍ത്ത് പാര്‍ക്കിന്റെ ഉള്ളിലേക്കാണു മരം വീണത്.
രാത്രിയായതിനാലും പാര്‍ക്കിനുള്ളിലേക്കു വീണതിനാലും അപകടം ഒഴിവാകുകയായിരുന്നു. പ്രധാന റോഡിലേക്കു വീണ മരച്ചില്ലകള്‍ അഗ്നിശമന സേനാംഗങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. അതേസമയം പാര്‍ക്കിലെ അറ്റകുറ്റപ്പണികളും മരം വീണതിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. പാര്‍ക്കില്‍നിന്നു മരം നീക്കാനായി ബി.പി.സി.എല്‍ അധികൃതര്‍ പിറ്റേദിവസംതന്നെ നഗരസഭയ്ക്ക് കത്തു നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. നഗരസഭാ ആരോഗ്യവിഭാഗമാണ് മരം മുറിച്ചുനീക്കേണ്ടത്. മരത്തിന്റെ വേരുകള്‍ പൂര്‍ണമായി പുറത്തുവന്നതോടെ ഈ ഭാഗത്ത് വലിയ ഒരു കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ അപകടം പതിയിരിക്കുന്ന അവസ്ഥയാണ്. അതേസമയം മരം ഉടന്‍ മുറിച്ച് നീക്കം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കൊച്ചി നഗരസഭാ കൗണ്‍സലര്‍ ഗ്രേസി ബാബു ജേക്കബ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലാണ് മരം നീക്കുന്ന നടപടികള്‍ വൈകിയതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."