കുടിവെള്ള ക്ഷാമം; ഭാരതപ്പുഴയില്‍നിന്ന് അധികമായി തിരൂരിലേക്ക് വെള്ളം പമ്പ് ചെയ്യും
തിരുന്നാവായ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതിന്റെ ഭാഗമായി ഭാരതപ്പുഴയില്‍ നിന്നും അധികമായി വെള്ളം പമ്പ് ചെയ്യാന്‍ തിരൂര്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചു. രാങ്ങാട്ടൂര്‍ പളളിപ്പടിപമ്പ് ഹൗസില്‍ നിന്നുമാണ് അധികമായി കുടിവെളളം പമ്പ് ചെയ്യുക. ഇതിനുളള നടപടികള്‍ ഇന്ന് മുതല്‍ പളളിപ്പടി പമ്പ്ഹൗസില്‍ ആരംഭിക്കും. തിരൂര്‍ നഗരസഭയിലും പരിസര ഗ്രാമപഞ്ചായത്തുകളിലും കുടിവെളളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് തിരൂര്‍ വാട്ടര്‍ അതോറിറ്റിയുടെ നടപടി. നാല്‍പ്പത് കുതിര ശക്തിയുളള മോട്ടര്‍ ഉപയോഗിച്ചാണ് ഇവിടെ നിന്നും അധികമായി വെളളം പമ്പ് ചെയ്യുക. 36 ലക്ഷം ലിറ്റര്‍ കുടിവെളളമാണ് ദിവസവും തിരൂരിലേക്ക് കൊണ്ടു പോകുക. തിരൂരിലെ പ്ലാന്റില്‍ ശുദ്ധീകരിക്കുന്ന വെളളം വാട്ടര്‍ അതോറിറ്റിയുടെ മുന്നിലുളള ടാങ്കില്‍ സംഭരിക്കും. ഇവിടെ നിന്നാണ് വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. അതേസമയം പുഴയില്‍ ജല നിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് പമ്പ് ഹൗസുകളിലെ കിണറുകളില്‍ വെളളം വറ്റുന്ന സാഹചര്യത്തില്‍ പുഴയില്‍ തളിനീര് ചാലുകള്‍ നിര്‍മിക്കാനുളള ഒരുക്കത്തിലാണ് വാട്ടര്‍ അതോറിറ്റി. പളളിപ്പടിയില്‍ നിന്നും പമ്പ്ഹൗസ് വരെ ജെ.സി.ബി ഉപയോഗിച്ച് ചാലുകള്‍ നിര്‍മിക്കുകയും ഇതിലൂടെ കിണറിന്റെ ഭാഗത്തേക്ക് വെളളമെത്തിക്കാനുമാണ് പദ്ധതി. ഇതിനായി ജില്ലാകലക്ടറുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇതിനിടെ തിരുന്നാവായ ത്വരിതഗ്രാമീണ കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈനിലെ ചോര്‍ച്ച കണ്ടെത്തി അടക്കാനുളള പരിശ്രമങ്ങള്‍ വാട്ടര്‍ അതോറിറ്റി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
റെയില്‍വെ പാളത്തിനടുത്തായതിനാല് അറ്റകുറ്റപണികള്‍ നടത്താന്‍ പുതിയ അനുമതി ആവശ്യമാണ്. റെയില്‍വേക്ക് ഇതിനുളള അപേക്ഷ നല്‍കിയിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി. ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവെച്ച കുടിവെളളം പമ്പ് ചെയ്യുന്നത് ഇന്നലെ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. തിരുന്നാവായ, കുറ്റിപ്പുറം, ആതവനാട്, മാറാക്കര പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് പമ്പിങ് പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."