ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ചെറുവത്തൂര്‍
ചെറുവത്തൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ച് ചെറുവത്തൂരില്‍ നിര്‍മിച്ച പാര്‍ക്കിങ് ഏരിയ നോക്കുകുത്തിയായി. ഇവിടെ ഒരൊറ്റവാഹനം പോലും പാര്‍ക്ക് ചെയ്യാതെ വന്നതോടെ ചെറുവത്തൂരില്‍ ഗതാഗതകുരുക്കും രൂക്ഷമായി. അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അതുമൂലമുണ്ടാകുന്ന ഗതാഗതകുരുക്കിനും പരിഹാരം കാണുന്നതിനുവേണ്ടിയാണ് പതിനഞ്ചു ലക്ഷം രൂപ ചെലവില്‍ മേല്പാലത്തിനുസമീപം പാര്‍ക്കിങ് ഏരിയ ഒരുക്കിയത്. പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയത്. പ്രധാനവ്യാപാര കേന്ദ്രം ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരമാണെന്നിരിക്കെ ഏറെ അകലെയുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക പ്രയാസമാണെന്നാണ് ജനം പറയുന്നത്.
മാത്രമല്ല, മേല്‍ക്കൂര ഇല്ലാത്തതിനാല്‍ പൊരിവെയിലില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കഴിയില്ലെന്നും വാഹന ഉടമകള്‍ പറയുന്നു. പണം കൊടുത്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് പാര്‍ക്കിങ് ഏരിയയുടെ പ്രവര്‍ത്തനം.
വാഹനങ്ങള്‍ ഇല്ലാതായതോടെ പാര്‍ക്കിങ് ഏരിയ ഏറ്റെടുത്ത നടത്തിപ്പുകാരനും പ്രതിസന്ധിയിലാണ്. മേല്‍പാലത്തിന് സമീപമുള്ള 15 സെന്റ് സ്ഥലത്താണ് പാര്‍ക്കിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. രണ്ടുലക്ഷം രൂപ ചെലവില്‍ ഇതിനുപിന്നിലായി ഡ്രൈനേജും ഒരുക്കി. ശൗചാലയം, വെളിച്ചം, കുടിവെള്ളം എന്നിവ ഒരുക്കാനും പദ്ധതിയുണ്ട്. ലക്ഷങ്ങള്‍ പാഴാക്കാതെ പാര്‍ക്കിങ് ഏരിയ ഉപയോഗപ്രദമാക്കാന്‍ സത്വര ഇടപെടല്‍ വേണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."