സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി
നിലമ്പൂര്‍: മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാനൊരുങ്ങുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണിയുള്ള പൊലിസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കി. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട നിലമ്പൂര്‍, എടക്കര സര്‍ക്കിള്‍ പരിധികളിലെ പൊലിസ് സ്റ്റേഷനുകളില്‍ തണ്ടര്‍ ബോള്‍ട്ടുകള്‍ ഉള്‍പ്പെടെ കൂടുതല്‍ പൊലിസുകാരെ വിന്യസിച്ചു.
നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പൂക്കോട്ടുംപാടം, പോത്തുകല്‍, വഴിക്കടവ്, കരുവാരക്കുണ്ട് പൊലിസ് സ്റ്റേഷനുകള്‍ക്കാണ് നിലവില്‍ മാവോയിസ്റ്റ് ഭീഷണിയുള്ളത്. അതേസമയം, വെടിവയ്പിനുശേഷം നിലമ്പൂര്‍ കാടുകളില്‍നിന്ന് മാവോയിസ്റ്റുകള്‍ അപ്രത്യക്ഷരായെന്നും തമിഴ്നാട്ടിലേക്ക് പാലായനം ചെയ്തുവെന്നുമുള്ള ലോക്കല്‍ പൊലിസിന്റെ വാദം അപ്പാടെ തള്ളിയാണ് ഇന്റലിജന്‍സ് വിഭാഗം രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവിട്ടത്.
രാജ്യത്തെ വിവിധയിടങ്ങളില്‍ മാവോയിസ്റ്റുകള്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഏതുവിധേനയും പ്രത്യാക്രമണം നടത്തുമെന്നും ഇതിനായി നൂറോളം മാവോയിസ്റ്റ് സേനാംഗങ്ങള്‍ വയനാട്, അഗളി വനമേഖലകളില്‍ സായുധ പരിശീലനം നടത്തിവരികയാണെന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ തമ്പടിച്ചിരിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങളില്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനത്തു നിന്നുള്ള ബോംബ് നിര്‍മാണ വിദഗ്ധര്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മിച്ചതായും രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാപൊലിസ് മേധാവികള്‍ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."