ഇന്ന് കര്‍ക്കിടക സംക്രമം; നാളെ കര്‍ക്കിടകം ഒന്ന്
ആനക്കര: ഇന്ന് കര്‍ക്കിടക സംക്രമം: നാളെ കര്‍ക്കിടകം ഒന്ന്. തെക്കന്‍ കേരളത്തില്‍ ചേട്ടാ ഭഗവതിയെ പുറത്താക്കലാണ് സംക്രമ നാളിലെ പ്രധാന ചടങ്ങ്. വീട്ടില്‍നിന്ന് അശുദ്ധി നീക്കി ഐശ്വര്യം കുടിയിരുത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കര്‍ക്കടക സംക്രമനാളില്‍ തിന്മയെ അകറ്റി നന്മയെ കുടി ഇരുത്തും. അതിനാല്‍ ചേട്ടാ ഭഗവതിയായ പൊട്ടിയെ പുറത്താക്കി ഐശ്വര്യ ലക്ഷ്മിയായ ശ്രീ ഭഗവതിയെ കുടിവയ്ക്കണം.
'പൊട്ടിയെ ആട്ടുക' എന്ന ഈ ചടങ്ങ് പഴമയുടെ തനിമ നഷ്ടപ്പെടാതെ ആചരിക്കുന്ന ഗ്രാമങ്ങള്‍ ഇന്നും കേരളത്തിലുണ്ട്. ഇതിന്റെ ഭാഗമായി വീടും പരിസരവും അടിച്ചുതുടച്ച് വൃത്തിയാക്കും.
അഴുക്കുകള്‍ മാഞ്ഞ് ഐശ്വര്യത്തിന്റെ പ്രകാശം ചൊരിയുന്നതിന് പൊട്ടിയെ ആവാഹിച്ച് കുടിയിറക്കും. സംക്രമ നാളില്‍ സന്ധ്യക്കാണ് ഈ ചടങ്ങ് നടക്കുന്നത്. കുറ്റി ചൂലും, കീറക്കൊട്ടയും, പൊട്ടക്കയ്യിലും, വാഴതണ്ടുമൊക്കെയാണ് പൊട്ടിയെ ആട്ടുക.
തളിര്‍ ചെടിയും, പ്ലാവിലയും, കരിപ്പൊടിയും, മഞ്ഞളും ചാലിച്ച ചോറു വിളയും ഇവയോടൊപ്പം ചൂട്ടു കെട്ടി കിന്തിരിയും കത്തിച്ച് പൊട്ടി പുറത്ത് ശീ പോതി അകത്ത് എന്ന വായ്ത്താരിയോടെ വാഴയുടെ തണ്ടുകൊണ്ട് വീടിന്റെ ചുമരിലും മതിലിലും അടിച്ച് വീടിന്റെ വടക്ക് ഭാഗത്തെ വാതിലിലൂടെ വന്ന് വീട് ചുറ്റി വീടിന്റെ വടക്ക് ഭാഗത്തെ മൂന്നും കൂടിയ വഴിയില്‍ ഉപേക്ഷിക്കുന്നു. ആള്‍പെരുമാറ്റമില്ലാത്ത സമയത്താണ് പൊട്ടിയെ ഉപേക്ഷിക്കുക.
തുടര്‍ന്ന് കുളി കഴിഞ്ഞാണ് വീട്ടിലെ ഗൃഹനാഥന്‍ വീട്ടിലേക്ക് പ്രവേശിക്കുക. പൊട്ടിയെ ആട്ടി പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ വെള്ളം നിറച്ച കിണ്ടിയുമായി വീട്ടിലുള്ളവരും പടിവരെ ചെല്ലും. ഈ ആചാരം ഇന്നും ഗ്രാമങ്ങളിലെ വീടുകളില്‍ ആചരിക്കുന്നു. കുളി കഴിഞ്ഞ് എത്തുന്ന ഗൃഹനാഥന്‍ ശുദ്ധമായി പൂജാമുറിയിലോ വീടിന്റെ മച്ചിലോ ആണ് ശീപോതിയെ കുടി ഇരുത്തുക.
ഉരുളി, വാല്‍ക്കണ്ണാടി, ഗ്രന്ഥം, ചെപ്പ് ,കുങ്കുമം, കണ്‍മഷി, അലക്കിയ വസ്ത്രം, ഫലം എന്നിവ അടങ്ങിയ ദശ പുഷ്പവും, കിണ്ടിയും, നിലവിളക്കുംവെച്ചാണ് കുടിയിരുത്തല്‍ ചടങ്ങ് നടത്തുക. ഇതോടെ വീട്ടില്‍ ഐശ്വര്യ ലക്ഷ്മി നിറയും എന്നാണ് വിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."