പൊലിസില്‍ ഭരണസ്തംഭനം; നിയമ കാര്യങ്ങളില്‍ ബെഹ്‌റക്ക് ഇടപെടാന്‍ കഴിയുന്നില്ല
തിരുവനന്തപുരം: സംസ്ഥാന പൊലിസ് തലപ്പത്ത് ഭരണ സ്തംഭനം. ടി.പി സെന്‍കുമാറിനെ പൊലിസ് മേധാവിയായി നിയമിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് വന്നതോടെ നിയമപരമായ കാര്യങ്ങളില്‍ ബെഹ്‌റയ്ക്ക് ഇടപെടാന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെ കോടതികളില്‍ സമര്‍പ്പിക്കാനുള്ളതടക്കം പല പ്രധാനപ്പെട്ട ഫയലുകളും പൊലിസ് ആസ്ഥാനത്ത് കെട്ടിക്കിടക്കുകയാണ്. നിലവില്‍ ഭരണപരമായ ചുമതല വഹിക്കുന്ന ലോക്‌നാഥ് ബെഹ്‌റ ഇന്നലെ ഓഫിസില്‍ എത്തിയെങ്കിലും ഫയലുകളില്‍ ഒപ്പിടുകയോ മറ്റു പൊലിസ് മേധാവിമാരുടെ ജോലികളില്‍ ഇടപെടുകയോ ചെയ്തില്ല.
ഡി.ജി.പിക്കും ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും മുകളില്‍ ചീഫ് സെക്രട്ടറി റാങ്കില്‍ മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ പൊലിസ് കാര്യങ്ങളിലെ ഉപദേശകനായി നിയമിച്ചിട്ടുണ്ട്. ഇതു പ്രകാരം പൊലിസ് കാര്യങ്ങളില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ശ്രീവാസ്തവയ്ക്കാണ്. എന്നാല്‍, ഭരണപരമായ കാര്യങ്ങളില്‍ ഫയലുകളില്‍ ഒപ്പിടാന്‍ ശ്രീവാസ്തവയ്ക്ക് കഴിയില്ല. നിയമപരമായി നിലനില്‍ക്കില്ല എന്നതിനാലാണിത്.
ശ്രീവാസ്തവയുടെ ഇടപെടലില്‍ സേനയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുമുണ്ട്. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ കണ്ണൂരില്‍ നടന്ന പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതോടെ മേധാവിയാരെന്ന കാര്യത്തില്‍ സംസ്ഥാന പൊലിസ് വകുപ്പ് അസാധാരണ പ്രതിസന്ധിയിലായിരിക്കുകയാണ് .
അതിനിടെ ടി.പി സെന്‍കുമാറിനെ പൊലിസ് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതായാണ് സൂചന. കഴിഞ്ഞ ദിവസം സുപ്രിം കോടതി വിധിയുടെ പകര്‍പ്പ് ഉള്‍പ്പെടെ തന്നെ പൊലിസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് സെന്‍കുമാര്‍ കത്തു നല്‍കിയിരുന്നു.
സെന്‍കുമാര്‍ കേസില്‍ റിവ്യൂ ഹരജി നല്‍കിയാല്‍ സര്‍ക്കാരിനത് വീണ്ടും തിരിച്ചടി ഉണ്ടാകുമെന്ന് നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥും, എ.ജിയും രമണ്‍ ശ്രീവാസ്തവയും മുഖ്യമന്ത്രിക്ക് നിയമോപദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന് വേണ്ടി സുപ്രിംകോടതിയില്‍ കേസ് വാദിച്ച ഹരീഷ് സാല്‍വയും സമാന നിലപാടാണ് അറിയിച്ചത്.
റിവ്യൂ ഹരജി നല്‍കിയാലും അത് പരിഗണിക്കുക കേസില്‍ വിധി പറഞ്ഞ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക്ക് ഗുപ്ത എന്നിവര്‍ തന്നെയാണ്.
ഈ സാഹചര്യത്തില്‍ റിവ്യൂ ഹരജിയുമായി പോയാല്‍ സര്‍ക്കാരിന് വലിയ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരും. ഇത് മറികടക്കാന്‍ സെന്‍കുമാറിനെ പൊലിസ് മേധാവിയാക്കിയുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഉത്തരവ് നടപ്പിലാക്കണമെന്ന പൊതുവികാരമായിരുന്നു രണ്ടു യോഗത്തിലും ഉണ്ടായത്. സെന്‍കുമാര്‍ ഇടതുപക്ഷത്തേയോ, സര്‍ക്കാരിനെയോ കുറ്റപ്പെടുത്താതെ മുന്‍ ആഭ്യന്തര സെക്രട്ടറിക്കുമേലാണ് കുറ്റം ആരോപിക്കുന്നത്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എസ്.എം വിജയാനന്ദിനെ ഡല്‍ഹിയില്‍നിന്ന് കൊണ്ടുവന്ന് ചീഫ് സെക്രട്ടറിയാക്കിയതില്‍ അന്ന് സംസ്ഥാന പൊലിസ് മേധാവിയായിരുന്ന സെന്‍കുമാറിന് പങ്കുണ്ട്. അതുകൊണ്ടുതന്നെ അന്ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് വരേണ്ടിയിരുന്ന നളിനി നെറ്റോ പിന്നീട് പകവീട്ടുകയായിരുന്നുവെന്നും ചില അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞു.
എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിന് വേണ്ടി കുറച്ചു ദിവസം കൂടി കാത്തിരിക്കാനാണ് സെന്‍കുമാറിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."