കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നുവീണ് ഏഴു പേര്‍ക്ക് പരുക്ക്
കാസര്‍കോട്: നഗരത്തിലെ തിയറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. നെല്ലിക്കുന്ന് ബീച്ച് റോഡിലെ ഗീതാ തിയറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തമിഴ് നാട് വില്ലുപുരം കള്ളിക്കുറിശ്ശി സ്വദേശിയും കോട്ടക്കണ്ണിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ മണിവേലു (29)വിനാണ് ഗുരുതരമായി പരുക്കേറ്റത്. അരക്ക് താഴെ സാരമായി പരുക്കേറ്റ മണിവേലുവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടെയുണ്ടായിരുന്ന തൊഴിലാളികളായ തമിഴ്നാട് സ്വദേശി വടിവേലു (30), കര്‍ണാടക ഷിമോഗ സ്വദേശിയും നുള്ളിപ്പാടിയില്‍ താമസക്കാരനുമായ സിദ്ദീഖ് (35) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു തൊഴിലാളികളായ തമിഴ്നാട്ടിലെ സുരേഷ്(24), ഐനാര്‍ (35), മുത്തു (22), ചിന്നസ്വാമി(22) എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സ്ലാബ് തകരുന്ന ശബ്ദംകേട്ട് പുറത്തേക്ക് ഓടിയതിനാലാണ് ഇവര്‍ വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം.
കെട്ടിടം തകര്‍ന്നുവീഴുന്നത് കണ്ട പരിസരവാസികള്‍ പൊലിസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. അവരെത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."