ചുമരെഴുത്തിനെ ചൊല്ലി പെരിയാട്ടടുക്കത്ത് സംഘര്‍ഷം
പൊയിനാച്ചി: ചുമരെഴുത്തിനെ ചൊല്ലി പെരിയാട്ടടുക്കം കവലയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഒരു സംഘമാള്‍ക്കാരും ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇരുവിഭാഗം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത് കവലയില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
സംഘര്‍ഷത്തില്‍ പരുക്കേറ്റ ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബങ്ങാട് ഈലടുക്കത്തെ കെ. നാരായണന്‍ (34), പനയാല്‍ മേഖല സെക്രട്ടറി രഞ്ജിത്ത് പനയാല്‍ (25), കിഴക്കെക്കര യൂനിറ്റ് സെക്രട്ടറി വിപിന്‍ ചായാട്ട് (30) എന്നിവരെ ചെങ്കളയിലെ ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ എട്ടു പേര്‍ക്കെതിരേ ബേക്കല്‍ പൊലിസ് കേസെടുത്തു. പെരിയാട്ടടുക്കം ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് വളയത്തില്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം 'വര്‍ഗീയത് തുലയട്ടെ 'എന്ന ചുമരെഴുതിയിരുന്നു. ഇത് ഒരു സംഘമാള്‍ക്കാര്‍ ഇന്നലെ രാവിലെ മായ്ച്ചു. ഉച്ചയോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇതേ സ്ഥാനത്ത് വീണ്ടും ചുമരെഴുതി. ഇതറിഞ്ഞ ഒരു സംഘം രാത്രി എട്ടോടെ സംഘടിച്ചെത്തി ആക്രമം നടത്തുകയായിരുന്നുവെന്ന് പറയുന്നു. സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പൊലിസ് ലാത്തിവീശിയോടിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്‍, ബേക്കല്‍ എസ്.ഐ വി.കെ വിശ്വംഭരന്‍, എസ്.ഐ പി.കെ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്ത് നിലയുറപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്. സംഘര്‍ഷത്തിന് ഇടയാക്കിയ ടയര്‍ കൊണ്ട് നിര്‍മിച്ച വളയം പൊലിസ് എടുത്തു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."