റിമാന്‍ഡ് പ്രതി പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; നാട്ടുകാരുടെ സഹായത്തോടെ പിടികൂടി
കല്‍പ്പറ്റ: കോടതി പരിസരത്ത് വച്ച് പൊലിസിനെ വെട്ടിച്ച് കടന്ന ബലാത്സംഗമുള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശി മന്‍സൂര്‍ ഇബ്രാഹിമിനെയാ(27)ണ് പിടികൂടിയത്. ഇന്നലെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കാനായി മഞ്ചേരിയില്‍ നിന്നുമെത്തിച്ച പ്രതി പൊലിസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
പെരിന്തല്‍മണ്ണ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇയാളെ മറ്റൊരു കേസിന്റെ വിചാരണക്കായി കല്‍പ്പറ്റ കോടതിയില്‍ എത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ പൊലിസ് മന്‍സൂറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ പൊലിസിന് പിടിനല്‍കാതെ മുങ്ങി നടക്കുകയായിരുന്നു. ഇതിനിടയിലാണ് പെരിന്തല്‍മണ്ണ പൊലിസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് മന്‍സൂര്‍ കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയില്‍ പിടിയിലായത്. മഞ്ചേരി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കുന്നതിനായി എത്തിച്ചപ്പോഴാണ് പൊലിസിനെ കബളിപ്പിച്ച് ഇയാള്‍ മുങ്ങിയത്. മൂത്രമൊഴിക്കാന്‍ പോകണമെന്ന് കൂടെയുള്ള പൊലിസിനോട് ആവശ്യപ്പെട്ട മന്‍സൂര്‍ ബാത്ത്‌റൂമിലേക്കുള്ള മാര്‍ഗമധ്യേ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതി ജില്ല വിട്ടുപോകാന്‍ സാധ്യതയില്ലാത്തതിനാല്‍ പരിശോധന ശക്തമാക്കിയതിനിടെയാണ് വൈകിട്ടോടെ മാനന്തവാടിക്കടുത്ത എടവക രണ്ടേനാലില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലിസ് ഇയാളെ പിടികൂടിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടേനാലില്‍ വാടക്ക്ക് താമസിച്ചിരു പ്രതി ഇവിടെ എത്തിയതറിഞ്ഞ് നാട്ടുകാര്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."