പാലക്കാട്ട് പനിജന്യരോഗങ്ങള്‍ കൂടുന്നു
ഒലവക്കോട് : ജില്ലയില്‍ മഴക്കാലം തുടങ്ങിയതോടെ ഡെങ്കിപ്പനി രോഗികളുടെ എണ്ണം 223 ആയി ഉയര്‍ന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സാധാരണപനിയും എലിപ്പനിയും, ഡെങ്കിപ്പനിയും മഴക്കാലത്ത് കാണുന്നതെങ്കിലും മറ്റു പനികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ജില്ലയില്‍ ഇത്തവണ ഡെങ്കിപ്പനി രോഗികളുടെ എണ്ണം കൂടുകയും ഈ വര്‍ഷം ആറുപേര്‍ മരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണിത്. ജില്ലയില്‍ 1180 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ കണ്ടതായും ഇവര്‍ ചികിത്സയിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പനി, ദേഹത്ത് രക്തം പൊടിയുന്ന പാടുകള്‍, കണ്ണിനു പിന്നില്‍ വേദന എന്നിവയാണ് ലക്ഷണങ്ങള്‍. ചികിത്സയും ശരിയായ വിശ്രമവും ലഭിച്ചില്ലെങ്കില്‍ അപകടകരമായേക്കാവുന്ന രോഗമാണിത്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകമായ പ്‌ളേറ്റ്‌ലെറ്റുകളുടെ കുറവും ആന്തരിക അവയവങ്ങളുടെ താളം തെറ്റലുമാണ് മരണം സംഭവിക്കുന്നത്.
എന്നാല്‍ ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി. എലികളില്‍ മാത്രമല്ല, കന്നുകാലികള്‍, പന്നി, കുറുക്കന്‍, നായ എന്നിവയിലും ഈ രോഗാണു കണ്ടുവരുന്നു. രോഗാണുവാഹകരായ മൃഗങ്ങളുടെ മൂത്രം കലര്‍ന്ന ജലത്തിലൂടെയാണ് ഇവ മനുഷ്യരില്‍ എത്തുന്നത്. കൈകാലുകളില്‍ ഉണ്ടാവുന്ന മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. ശക്തമായ പനി, കുളിര്, തളര്‍ച്ച, തൊണ്ടവേദന, ഛര്‍ദി എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച, വെളിച്ചത്തിലേക്കു നോക്കാന്‍ പ്രയാസം എന്നിവ അനുഭവപ്പെടുന്നു. ഇവ രണ്ടു മൂന്നു ദിവസങ്ങള്‍ക്കകം ഇല്ലാതാവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. രോഗം സങ്കീര്‍ണമായാല്‍ മരണം വരെ സംഭവിക്കാം. രോഗനിര്‍ണയത്തിലെ കാലതാമസം മൂലമാണ് ഇത് സംഭവിക്കുന്നത്. ഏതു പനിയും എലിപ്പനിയാകാം.
അപകട സാഹചര്യങ്ങളില്‍ ജീവിതം, തൊഴില്‍ നയിക്കുന്നവര്‍ പനിയുടെ ലക്ഷണം കണ്ടാല്‍ ചികിത്സ തേടണം. ഡെങ്കിപ്പനി തടയാന്‍ കൊതുകു നശീകരണ നടപടികള്‍ അത്യന്താപേക്ഷിതമാണ്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാല്‍ വീടിനുസമീപത്ത് ഒരു കാരണവശാലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. കൊതുകുകടി തടയാന്‍ കൊതുകുവല പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ രോഗബാധ നിയന്ത്രിക്കാം.
എച്ച്1 എന്‍1 വൈറസ് പരത്തുന്ന രോഗമാണ്. ആദ്യം പന്നികളില്‍ നിന്നു മനുഷ്യരിലേക്കു പകര്‍ന്നിരുന്ന ഈ വൈറസ് ജനിതകമാറ്റം സംഭവിച്ച് മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്കു പകരാന്‍ തുടങ്ങിയതോടെയാണ് മനുഷ്യരില്‍ ഇത് വ്യാപകമായത്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സാധാരണ പനിപോലെയായിരിക്കുന്നു എച്ച്1 എന്‍1 വിട്ടുമാറാത്ത തലവേദന, തൊണ്ടവേദന, ഛര്‍ദി, സന്ധിവേദന എന്നിവയാണ് എച്ച്1 എന്‍1ന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധ വര്‍ധിച്ചാല്‍ ന്യൂമോണിയയും പിടിപെടാം. വായുവിലൂടെയാണ് രോഗം പകരുന്നത്.
രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പര്‍ക്കം, തുമ്മല്‍ എന്നിവയും രോഗബാധയ്ക്ക് കാരണമാകാം. രോഗബാധയുണ്ടെന്നു സംശയിക്കുന്നവരെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താനും സഞ്ചരിക്കാനും അനുവദിക്കാതെ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കുകയാണ്. രോഗപ്പകര്‍ച്ച തടയാനുള്ള മാര്‍ഗം. സൈല്‍ടാമിവിര്‍ ഗുളിക ഉപയോഗിച്ചുള്ള ചികിത്സയാണ് രോഗത്തിന് പ്രതിവിധി. മരുന്നിനൊപ്പം പോഷകമൂല്യമുള്ള ആഹാരവും കഴിക്കണം. മഴക്കാലരോഗങ്ങള്‍ തടയാന്‍ ആദ്യം ചെയ്യേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ്. ശുദ്ധജലശ്രോതസ്സുകളായ കിണറുകളും കുളങ്ങളും ഭിത്തികെട്ടി സംരക്ഷിക്കുക, കിണറുകള്‍ ക്‌ളോറിനേറ്റ് ചെയ്യുക, ശുദ്ധജലം തിളപ്പിച്ചാറിയശേഷം മാത്രം ഉപയോഗിക്കുക, മലിനജലം കെട്ടിനില്‍ക്കുന്നതു തടയുക, വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കുക, ആഹാര സാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകള്‍ കഴുകി വൃത്തിയാക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക ശക്തമായ പനിയും മറ്റും ഉള്ളപ്പോള്‍ കഞ്ഞിപോലുള്ള എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുക. ശക്തമായ ചുമ, തുമ്മല്‍ ഉള്ളവര്‍ ആ സമയം ടൗവ്വല്‍ ഉപയോഗിച്ച് പൊത്തിപ്പിടിക്കുന്നത് രോഗാണുബാധ മറ്റുള്ളവരിലേക്കു പടരുന്നതു തടയും. എലിപ്പനി തടയാന്‍ എലിനശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക, മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ അനുവദിക്കാതിരിക്കുക, അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൈകാലുകളിലെ മുറിവുകള്‍ മലിനജലവുമായി സമ്പര്‍ക്കം ഉണ്ടാവാതെ സൂക്ഷിക്കുക. പാടത്തും പറമ്പിലും തോടുകളിലും ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രതിരോധചികിത്സ ഉപയോഗപ്പെടുത്തുകയും വേണം. പനി ഒരു രോഗമല്ല. രോഗലക്ഷണമാണ് എന്നതിനാല്‍ പനിയെ ഭയപ്പെടേണ്ട ആവശ്യമില്ല.
രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണു വേണ്ടത്. പനികള്‍ പൊതുവെ വൈറല്‍ പനികളാണ്. അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ട. സാധരണ വൈറല്‍ പനികള്‍ സുഖമാവാന്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ വേണ്ടിവരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുന്നതാണ് നല്ലത്. ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്.
ചൂടുള്ള പാനീയങ്ങള്‍ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പുചേര്‍ത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരാങ്ങാവെള്ളം, ഇളനീര്‍ എന്നിവ ഉപയോഗിക്കണം. നന്നായി വേവിച്ച മൃദുവായ, പോഷക പ്രധാനമായ ഭക്ഷണവും ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവില്‍ ഇടവിട്ട് തുടര്‍ച്ചയായി കഴിക്കുക. പനി പൂര്‍ണമായി മാറും വരെ വിശ്രമിക്കുക. രോഗം വിട്ടൊഴിയാന്‍ അതു സഹായിക്കും. ഇത് പനി പകരുന്നത് തടയുകയും ചെയ്യുന്നു.
കുത്തിവയ്പിനു വേണ്ടിയും ഡ്രിപ്പിനുവേണ്ടിയും ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാതിരിക്കുക. മിക്കപ്പോഴും അവ ആവശ്യമില്ല. ചിലപ്പോള്‍ അവ വിറയല്‍, വേദന, മനംപുരട്ടല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. അതുകൊണ്ടു തന്നെ കൊതുകു നശീകരണവും ശുചിത്വവും അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."