ശബരിമല കലാപ ഭൂമിയാക്കാന്‍ അനുഗ്രഹാശ്ശിസുകള്‍ ചൊരിഞ്ഞു, പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ആ മാന്യത കാട്ടണം- ആഞ്ഞടിച്ച് പിണറായി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെ കലാപ ഭൂമിയാക്കാന്‍ എല്ലാ അനുഗ്രഹാശ്ശിസുകളും ചൊരിഞ്ഞ പ്രധാനമന്ത്രി വിഷയത്തില്‍ ഇപ്പോള്‍ പച്ചക്കള്ളം പറയുകയാണെന്ന് പിണറായി പറഞ്ഞു. ശബരിമല വിഷയത്തില്‍ ഭരണഘടനാ ബാധ്യതയാണ് കേരള സര്‍ക്കാര്‍ നിറവിലേറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ശബരിമലയെ കുറിച്ച് പറയാതെ മംഗലാപുരത്ത് പോയി കേരളത്തേയും ശബരിമലയേയും അപമാനിക്കുന്ന കാര്യങ്ങള്‍ പറയുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
'സുപ്രിം കോടതി വിധിയെ ലംഘിച്ച് നടക്കുന്നവരല്ല ഞങ്ങള്‍. സുപ്രിം കോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് അംഗീകരിക്കണമെന്ന ജനാധപത്യ മര്യാദ ഈ സര്‍ക്കാരിനുണ്ട്. അതാണ് ഞങ്ങള്‍ പാലിച്ചത്. നിങ്ങള്‍ എന്ത് ചെയ്തു, നിങ്ങള്‍ വിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ നിങ്ങളുടേതായ ക്രിമിനല്‍ പടയെ അയച്ചു.
മോദിയുടെ അടക്കം അനുഗ്രഹാശിസുകളോടെയല്ലേ അത് ചെയ്തത്. ശബരിമല വിശ്വാസികള്‍ എത്തുന്ന തിരുസന്നിധിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കി. എന്തായിരുന്നു നിങ്ങളുടെ ഉദ്ദേശം. ശബരിമലയെ കലാപഭൂമിയാക്കാനായിരുന്നു ഉദ്ദേശം. എന്നിട്ട് അത് നടന്നോ?
ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. ആ നടപടി അല്‍പം വേദന സഹിച്ചുകൊണ്ട് തന്നെ പൊലിസുകാര്‍ സ്വീകരിച്ചു. പൊലീസുകാരെ തേങ്ങയടുത്ത് ഇടിക്കുക വരെയുണ്ടായി. എന്നാല്‍ പൊലിസ് സംയമനം പാലിച്ചു. അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ പൊലിസിന് കഴിഞ്ഞു. ശബരിമലയെ സംരക്ഷിക്കാനുള്ള നടപടികളുമായിട്ടാണ് സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. പറയാന്‍ ഇനിയും കുറേയുണ്ട്. തെരഞ്ഞെടുപ്പ് ആയതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
മോദിയോട് ഒരു കാര്യമേ പറയാനുള്ളൂ. തെരഞ്ഞെടുപ്പ് ചട്ടം എല്ലാവര്‍ക്കും ബാധകമാണ്. അത് മോദിക്കും ബാധകമാണ്. കേരളത്തില്‍ വന്ന് തീര്‍ത്ഥാടന കേന്ദ്രം എന്ന് മാത്രം പറഞ്ഞ് തൊട്ടപ്പുറം മംഗലാപുരം പോയി ശബരിമലയേയും അയ്യപ്പനേയും എല്ലാം പറഞ്ഞ് കേരളത്തേയും അയ്യപ്പനേയും അപമാനിക്കുന്നത് മാന്യതയല്ല, ആ സ്ഥാനത്തിരിക്കുമ്പോള്‍ ആ മാന്യത പുലര്‍ത്താനുള്ള ആര്‍ജ്ജവം കാണിക്കണം. ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."