ബെന്നി ബഹനാന്‍ ഇന്ന് മുതല്‍ കളത്തിലിറങ്ങും; ഇന്നസെന്റ് അങ്കമാലിയില്‍ പര്യടനം നടത്തി
കൊച്ചി:ചികിത്സയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ഇന്ന് മുതല്‍ പ്രചാരണങ്ങളില്‍ സജീവമാകും. ഒന്നരയാഴ്ചത്തെ വിശ്രമത്തിനു ശേഷമാണ് ബെന്നി ബെഹനാന്‍ പ്രചാരണത്തിനിറങ്ങുന്നത്.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പുത്തന്‍കുരിശില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണിയുടെ പൊതുസമ്മേളനത്തില്‍ ബെന്നി ബഹനാന്‍ പങ്കെടുക്കും. വരും ദിവസങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോകള്‍ നടത്തും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും റോഡ്‌ഷോകളുമായി വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും.
സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ എം.എല്‍.എ മാരായ വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ എന്നിവര്‍ നടത്തിവന്ന പ്രചാരണപരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു.
അവശേഷിക്കുന്ന ബ്ലോക്കുകളില്‍ ഇന്നും നാളെയുമായി പര്യടനം പൂര്‍ത്തിയാക്കും. ഇന്നലെ വി.ഡി സതീശന്‍ എം.എല്‍. എ യുടെ നേതൃത്വത്തില്‍ കൊടുങ്ങലൂരിലും അന്‍വര്‍സാദത്ത്, റോജി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നെടുമ്പാശേരിയിലും പര്യടനം നടത്തി.
ചാലക്കുടി മണ്ഡലത്തിന് നാട്ടുകാരുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയാകുന്ന ഒരു ഫുള്‍ ടൈം എം.പി ആണ് വേണ്ടത് എന്ന മുദ്രാവാക്യവുമായാണ് എം.എല്‍.എ മാര്‍ പര്യടനം നടത്തിയത്.പ്രചാരണം അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാംപ്.
കൈവിട്ടു പോയ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കും എന്ന ദൃഢ നിശ്ചയത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും.
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി മൂന്നു തവണ വീതം നടത്തിയ ഇന്നസെന്റിന്റെ തുറന്ന വാഹന പര്യടനം ഇന്നലെ അങ്കമാലിയില്‍ പൂര്‍ത്തിയായി. 21 ദിവസം കൊണ്ട് ആയിരത്തിലേറെ കേന്ദ്രങ്ങളിലാണ് തുറന്ന വാഹനത്തിലൂടെ ഇന്നസെന്റ് എത്തിയത്.
ഇന്നലെ രാവിലെ 7 ന് അങ്കമാലി ടെല്‍ക്ക് തൊഴിലാളികളെ സന്ദര്‍ശിച്ചാണ് ഇന്നസെന്റ് ആരംഭിച്ചത്.ടെല്‍ക്കില്‍ നിന്ന് ചമ്പന്നൂര്‍ പാറപ്പുറത്തെത്തിയപ്പോള്‍ ഇന്നസെന്റിനെ കാത്തുനിന്നവരില്‍ 96കാരിയായ ഭരണിക്കുളങ്ങര ത്രേസ്യാക്കുട്ടിയുമുണ്ടായിരുന്നു.
അങ്കമാലി മണ്ഡലത്തിലെ പര്യടനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. പി പത്രോസ് ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ജോസ് തെറ്റയില്‍, എല്‍ഡിഎഫ് അങ്കമാലി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.ബി രാജന്‍, സെക്രട്ടറി അഡ്വ. കെ. കെ ഷിബു, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.ജെ വര്‍ഗീസ്, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ ടി പൗലോസ്, എന്‍.സി.പി ദേശീയ സമിതി അംഗം ജോണി തോട്ടക്കര, എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് ടോണി പറപ്പിള്ളി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കുര്യന്‍ പാറയ്ക്കല്‍, മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ എം.എ ഗ്രേസി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ഡലം മുഴുവന്‍ മൂന്നു വട്ടം പര്യടനം പൂര്‍ത്തിയാക്കിതയതിനെത്തുടര്‍ന്ന് ഇന്നു മുതല്‍ വീണ്ടും ഇന്നസെന്റ് വ്യക്തികളേയും സ്ഥാപനങ്ങളും സന്ദര്‍ശിക്കും. ഇന്ന് കൊടുങ്ങല്ലൂരും കയ്പമംഗലത്തുമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."