ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം മുടക്കരുത്: കേന്ദ്രം നിര്‍ദേശം പുറത്തിറക്കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൃത്യ സമയത്ത് ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ കാലം അവധിയായി കണക്കാക്കരുതെന്നും ക്വാറന്റൈന്‍ കാലത്തുള്ള ശമ്പളം നല്‍കണമെന്നും ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.
അതേസമയം ശമ്പളം യഥാസമയം നല്‍കണമെന്ന നിര്‍ദേശം മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.എന്നാല്‍ സംസ്ഥാനങ്ങള്‍ ഉത്തരവ് അനുസരിക്കാതിരിക്കുന്നത് കേന്ദ്രം നിസ്സഹായതയോടെ കാണരുതെന്നായിരുന്നു കോടതി പറഞ്ഞത്.
കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടേയും ശമ്പളം യഥാസമയം നല്‍കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം. സംസ്ഥാനങ്ങള്‍ ഉത്തരവ് അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം അതിനുള്ള അധികാരമുണ്ടെന്നും കോടതി പറഞ്ഞു.
ഒരുകാരണവശാലും ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം പിടിച്ചുവെക്കരുതെന്ന് ജൂണ്‍ 17 ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമയബന്ധിതമായ ശമ്പളം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും ശമ്പളം ലഭിക്കുന്നില്ലെന്നായിരുന്നു ഹരജിക്കാരിയും ഡോക്ടറുമായ ആരുഷി ജയിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ ചൂണ്ടിക്കാട്ടിയത്.
മാത്രമല്ല കോടതി ഉത്തരവിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഹൈ റിസ്‌ക് വിഭാഗമെന്നും ലോ റിസ്‌ക് വിഭാഗമെന്നും തരംതിരിച്ചുകൊണ്ട് ഇറക്കിയ മാര്‍ഗനിര്‍ദേശത്തിന് യുക്തിപരമായ അടിസ്ഥാനമില്ലെന്നും ജയിന്‍ പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍ ഷാ തുടങ്ങിയവരടങ്ങുന്ന ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."