കാഞ്ഞിരപ്പുഴഡാം ഇനിയും നിറഞ്ഞില്ല
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴഡാം ജൂലൈമാസത്തിലും നിറയാന്‍ മടിക്കുന്നു. റംസാന്‍ പ്രമാണിച്ച് കാഞ്ഞിരപ്പുഴ ഡാമിലെത്തിയ നിരവധിപേര്‍ ഡാമിന്റെ സ്ഥിതികണ്ട് നിരാശയോടെയാണ് മടങ്ങിയത്.
മുന്‍കാലങ്ങളില്‍ ഇതേസമയത്ത് ഡാം നിറഞ്ഞു കവിയാറുണ്ടായിരുന്നു. ജൂണ്‍മാസത്തില്‍ ശക്തമായ മഴയില്ലാതിരുന്നതാണ് ഇതിനു കാരണം. കാഞ്ഞിരപ്പുഴയ്ക്കു പുറമേ ശിരുവാണി ഡാമിലും ഇതുതന്നെയാണ് സ്ഥിതി. കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് പലയിടത്തും കൃഷിയിറക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഡാമില്‍ ജലനിരപ്പ് അഞ്ചുമീറ്ററോളം കുറവാണെന്നത് ഇറിഗേഷന്‍ അധികൃതരെയും ആശങ്കയിലാക്കുകയാണ്. ഇക്കഴിഞ്ഞ വേനലില്‍ പരമാവധി വെള്ളം ഡാമില്‍ നിന്നും തുറന്നു വിട്ടിരുന്നു. ഇതാണ് വെള്ളം കുറയുന്നതിനു കാരണമായതെന്നു അധികൃതര്‍ പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം മഴകുറവാണ്. കര്‍ക്കടക മാസത്തിലെങ്കിലും മഴ ശക്തമായാലേ വരുംനാളുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാകൂ. ഡാം ഷട്ടറുകള്‍ പൂര്‍ണമായും അടച്ചു പരമാവധി വെള്ളം സംഭരിക്കുകയാണ് അധികൃതര്‍. റിസര്‍വോയറിലെ കുന്നുകളും മറ്റും വെള്ളമില്ലാതെ തെളിഞ്ഞുകിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."