ഇടുക്കിയുടെ ഇടവഴികളില്‍ ബാബു പോള്‍
തൊടുപുഴ: ഇടുക്കിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഐ.എ.എസ് ഉദ്യോഗസ്ഥന്‍, ഇടുക്കിയുടെ ആദ്യ കലക്ടര്‍, എഴുത്തുകാരന്‍, തത്വചിന്തകന്‍, പ്രഭാഷകന്‍, കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, സാമൂഹ്യമണ്ഡലങ്ങളിലൂടെ പ്രതിഭയുടെ ഇന്ദ്രജാലം തീര്‍ത്ത മഹത് വ്യക്തിത്വം- ഡോ. ഡി. ബാബു പോളിനെ അടുത്തറിഞ്ഞവര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാന്‍ കഴിയാത്ത വിശേഷണങ്ങള്‍ ഇനിയും ബാക്കി.
ഇടുക്കിയെന്ന മലയോര ജില്ലയുടെ ആദ്യത്തെ കലക്ടര്‍ പദവി അലങ്കരിക്കുമ്പോള്‍ ബാബു പോളിന് കടമ്പകള്‍ ഏറെയായിരുന്നു. അതിവേഗത്തിലായിരുന്നു അദ്ദേഹം തന്റെ ഭരണ മികവ് ഇടുക്കിയുടെ ഓരോ വീഥികളിലേക്കും പ്രതിധ്വനിപ്പിച്ചുകൊണ്ടിരുന്നത്. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 ജനുവരി 26 മുതല്‍ 1975 ആഗസ്റ്റ് 19 വരെ ഇടുക്കിയുടെ മണ്ണില്‍ അദ്ദേഹം പുതിയ ഭരണതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്തു.
ഇടുക്കിയെന്ന ഔദ്യോഗിക നാമത്തിനു മുന്‍പ് ഈ മലയോരമണ്ണിനെ തുഷാരഗിരിയെന്ന് വിളിക്കാനാണ് ബാബു പോള്‍ ആഗ്രഹിച്ചിരുന്നത്. ഇടുക്കി ജില്ലാ രൂപീകരണത്തിനും ഇടുക്കിയുടെ ആസ്ഥാനമായ പൈനാവില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനും വഹിച്ച പങ്ക് വളരെ വലുതാണ്.
ഇടുക്കി ആര്‍ച്ച് ഡാമിന്റെ നിര്‍മാണ സമയത്ത് കലക്ടര്‍ പദവിക്കൊപ്പം പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പദവിയും അദ്ദേഹം വഹിച്ചു. ഇദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളിലെതന്നെ ശ്രദ്ധേയമായ ഒന്നാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പൂര്‍ത്തീകരണം. കലക്ടര്‍ പദവിയിലെ കാലഘട്ടത്തിന്റേയും അണക്കെട്ടിന്റെ നിര്‍മാണ സമയങ്ങളിലേയും അദ്ദേഹത്തെക്കുറിച്ചുള്ള ചില ഓര്‍മകള്‍ ജില്ലയിലെ ജനതയും പങ്കുവയ്ക്കുന്നു. ജനങ്ങളുമായുള്ള ഇടപെടലില്‍ സൗമ്യതയും സൗഹൃദവും ഉണ്ടായിരുന്നതായും വ്യക്തിയെന്ന നിലയിലും ഇടുക്കിയുടെ ജില്ലാ ഭരണധികാരിയെന്ന നിലയിലും ശ്രേഷ്ഠനായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ജനത അനുസ്മരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."