മലേഗാവ് സ്ഫോടനം: ജാമ്യം തേടി കേണല്‍ പുരോഹിത് സുപ്രിം കോടതിയിലേക്ക്
ന്യൂഡല്‍ഹി: ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് സ്ഫോടനക്കസ് പ്രതി ലഫ്. കേണല്‍ പുരോഹിത് സുപ്രിം കോടതിയെ സമീപിച്ചു. ബോംബെ ബൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണിത്. വെള്ളിയാഴ്ചയാണ് ഇയാള്‍ ഹരജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. ഏപ്രില്‍ 25നായിരുന്നു പുരോഹിതിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ബോംബെ ഹൈക്കോടതി ഉത്തരവ്.
നേരത്തെ എന്‍.ഐ.എ പ്രത്യേക കോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഹിന്ദുത്വ തീവ്രവാദ സംഘടനയായ അഭിനവ് ഭാരത് രൂപീകരിച്ച് ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ച് സ്ഫോടനം ആസൂത്രണംചെയ്തെന്നാണ് ഇയാള്‍ക്കെതിരായ കുറ്റാരോപണം. 2016ലാണ് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. ഇയാള്‍ അഭിനവ് ഭാരത് രൂപീകരിച്ച് സൈനികചിട്ടയോടെ ക്ലാസെടുത്തെന്നും 'ഹിന്ദു രാഷ്ട്രസൃഷ്ടി'ക്കായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനംചെയ്തെന്നും കുറ്റപത്രം പറയുന്നു.
സ്ഫോടനം സംഘടിപ്പിക്കാന്‍ ചേര്‍ന്ന ഗൂഢാലോചനകളില്‍ ഇയാള്‍ പങ്കെടുത്തതിനും തെളിവുണ്ട്. എന്നാല്‍ നിരപരാധിയാണെന്നും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ശിക്ഷിക്കപ്പെട്ടതെന്നുമാണ് ഇയാളുടെ വാദം.
മുംബൈയില്‍നിന്ന് 270 കിലോമീറ്റര്‍ അകലെ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."