മുസ്‌ലിം ലീഗ് മതേതരത്വത്തിന്റെ ഷോക്ക് അബ്‌സോര്‍ബര്‍: ചെന്നിത്തല
തൊടുപുഴ: ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തിന്റെ ഷോക്ക് അബ്‌സോര്‍ബറാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗെന്നും ലീഗിന്റെ മതേതരത്വവും മതസൗഹാര്‍ദവും പകല്‍ പോലെ വെളിച്ചമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തൊടുപുഴ കുന്നംകാരൂപ്പാറയില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വം തകര്‍ക്കാനുള്ള ബി.ജെ.പി , സംഘപരിവാര്‍,ആര്‍.എസ്.എസ് ശക്തികള്‍ നീക്കം നടത്തുമ്പോള്‍ അതിന് പിന്തുണ നല്‍കുന്ന സമീപനമാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ അനുവര്‍ത്തിച്ച് വരുന്നത്. മുസ്‌ലിം ലീഗിനെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബി.ജെ.പിയും അതിനൊപ്പം സി.പി.എമ്മും ഉയര്‍ത്തുന്നത്.
കേരള സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ഹിത പരിശോധനയും കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്തുമായിരിക്കും തെരഞ്ഞെടുപ്പ് ഫലം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതിനും രാഷ്ട്ര പിതാവ് മഹാത്മജിയെ കൊലപ്പെടുത്തിയ ഗോഡ്‌സെക്ക് പ്രതിമ പണിയുന്നതിനും സമയം കണ്ടെത്തുന്ന നരേന്ദ്ര മോദിയുടെ ന്യൂന പക്ഷങ്ങളോടുള്ള വെല്ലുവിളിയാണ് രാജ്യത്ത് കണ്ട് വരുന്നത്. പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയും യു.പിയില്‍ മായാവതിയും രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കിയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന് ശേഷം എന്താണ് നടപടിയെന്ന് വ്യക്തമാക്കാതിരിക്കേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു.പി.എ മന്ത്രിസഭ അധികാരിത്തിലെത്തിയാല്‍ മുഴുവന്‍ കര്‍ഷകരുടെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സനീഷ് ജോര്‍ജ്ജ് അധ്യക്ഷനായി. കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി ടി.എം സലിം ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ്, പി.എന്‍ സീതി, അഡ്വ. എസ് അശോകന്‍, ഇബ്രാഹിം കുട്ടി കല്ലാര്‍ , റോയി കെ പൗലോസ്, ഷിബിലി സാഹിബ്, വി.ഇ താജുദ്ദീന്‍, എം.എം ബഷീര്‍, എം.എ കരിം, ചാര്‍ളി ആന്റണി, കെ.എം ഷാജഹാന്‍, ജെസ്സി ജോണി, മേഴ്‌സി കുര്യന്‍, ടി.ജെ പീറ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."