'ഉപ്പുവെള്ളം കുടിച്ച് പ്രതിഷേധിക്കാം'- വൈറലായി ഫലസ്തീന്‍ തടവുകാര്‍ക്ക് ജനതയുടെ ഐക്യദാര്‍ഢ്യം
റാമല്ല: അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഫലസ്തീന്‍ തടവുകാരുടെ പട്ടിണി സമരത്തിന് ജനങ്ങളുടെ ഐക്യദാര്‍ഢ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ആയിരക്കണക്കിനാളുകളാണ് സ്വന്തമായി തയ്യാറാക്കിയ പ്രതിഷേധ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റു ചെയ്യുന്നത്.
തടവുകാരനായ ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂതിയുടെ മകന്‍ അറബ് മര്‍വാന്‍ ബര്‍ഗൂതിയാണ് ആദ്യ വീഡിയോ പോസ്റ്റു ചെയ്തത്. ജീവന്‍ നിലനിര്‍ത്താന്‍ ഉപ്പു വെള്ളം മാത്രം കുടിച്ച് പട്ടിണി സമരം നയിക്കുന്ന ആയിരക്കണക്കിന് തടവുകാര്‍ക്കൊപ്പം കൈകോര്‍ക്കുന്നതായി പ്രഖ്യാപിക്കുന്നതാണ് വീഡിയോ.
ഇസ്രാഈല്‍ തടവിലിട്ട 1700 രാഷ്ട്രീയ തടവുകാരില്‍ ഒരാളാണ് എന്റെ പിതാവ് എന്ന് പറഞ്ഞ് ആരംഭിക്കുന്ന ദൃശ്യം അറബ് ഐഡോള്‍ ജേതാവ് മുഹമ്മദ് അസ്സഫിനെ പോലുള്ളവരോട് ഈ കാമ്പയിനില്‍ പങ്കാളികളാവാനും അപേക്ഷിക്കുന്നു.
ഫലസ്തീന്‍ തടവുകാരുടെ ദിനമായ ഏപ്രില്‍ 17 മുതലാണ് സമരം ആരംഭിച്ചത്. കുറ്റം ചുമത്താതെ വിചാരണയില്ലാതെ, നീളുന്ന തടവിനെതിരെയാണ് സമരം. ആവശ്യമായ ചികിത്സയോ ഭക്ഷണമോ മറ്റോ ഇല്ലാതെയാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ചികിത്സയും മറ്റു സൗകര്യങ്ങളും അനുവദിക്കാതെ പട്ടിണി സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് തടവുകാര്‍.
ഔദ്യോഗിക കണക്കുകളനുസരിച്ച് ഇസ്രാഈല്‍ അധിനിവേശം തുടങ്ങിയതു മുതല്‍ ഏഴരലക്ഷം ഫലസ്തീനികളെ തടവുകാരാക്കിയിട്ടുണ്ട്. 6,500ലേറെ ആളുകള്‍ ഇപ്പോഴും തടവുകളില്‍ കഴിയുന്നു. ഇതില്‍ 300 ലേറെ കുട്ടികളും ഉള്‍പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."